അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ കേസ്; രണ്ടാം പ്രതിക്കും വധശിക്ഷ
തൊടുപുഴ: വീടിനുള്ളില്‍ അതിക്രമിച്ചു കയറി അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിക്കും വധശിക്ഷ. പീരുമേട് 57-ാംമൈല്‍ വള്ളോംപറമ്പില്‍ മോളി (55), മകള്‍ നീനു (22) എന്നിവരെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലാണ് 57-ാംമൈല്‍ പെരുവേലിപ്പറമ്പില്‍ ജോമോന് (32) തൊടുപുഴ രണ്ടാം അഡിഷനല്‍ സെഷന്‍സ് ജഡ്ജി കെ.കെ സുജാത വധശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി വണ്ടിപ്പെരിയാര്‍ ചുരക്കുളം പുതുവല്‍തടത്തില്‍ രാജേന്ദ്രന് (54) തൊടുപുഴ രണ്ടാം അഡി. സെഷന്‍സ് ജഡ്ജി 2012 ജൂണ്‍ 20നു വധശിക്ഷ വിധിച്ചിരുന്നു.
2007 ഡിസംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാറമട തൊഴിലാളിയായ രാജേന്ദ്രനും കുടുംബവും നേരത്തെ വണ്ടിപ്പെരിയാര്‍ 57-ാം മൈലിലായിരുന്നു താമസിച്ചിരുന്നത്. സംഭവദിവസം രാജേന്ദ്രന്‍ സുഹൃത്തായ ജോമോനെ കൂട്ടി മോളിയുടെ വീട്ടിലെത്തുകയും കതകില്‍ തട്ടി നീനുവിന്റെ സഹോദരന്‍ ബിനുവിനെ പേരെടുത്തു വിളിക്കുകയും ചെയ്തു. ബിനു സ്ഥലത്തില്ലെന്ന് നീനു മറുപടി പറഞ്ഞിട്ടും ഇവര്‍ കതകുതുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനു കൂട്ടാക്കാതിരുന്നതോടെ ഇരുവരും വീടിനു പുറത്തുണ്ടായിരുന്ന അമ്മിക്കല്ല് ഉപയോഗിച്ചു വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറി.
തുടര്‍ന്ന് തോര്‍ത്ത് കഴുത്തില്‍ കുരുക്കി നീനുവിനെ രാജേന്ദ്രന്‍ മാനഭംഗപ്പെടുത്തി. ഇതോടെ നീനു ബോധരഹിതയായി വീണു. അസുഖം ബാധിച്ചു കിടക്കുകയായിരുന്ന മോളിയെ ജോമോനും മാനഭംഗപ്പെടുത്തി. ഇതിനിടെ ബഹളമുണ്ടാക്കിയ മോളിയെ പ്രതികള്‍ കമ്പിവടിക്കടിച്ചും ചവിട്ടി വാരിയെല്ലു തകര്‍ത്തും മൃതപ്രായയാക്കി. അമ്മയുടെ കരച്ചില്‍കേട്ട് ബോധമുണര്‍ന്ന നീനു കമ്പിവടികൊണ്ട് രാജേന്ദ്രനെ നേരിടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വടി പിടിച്ചുവാങ്ങി തിരിച്ച് അക്രമിച്ചു. ഇതോടെ നീനയും അവശയായി വീണു. പിന്നീട് ഇരുവരും ചേര്‍ന്ന് അമ്മയെയും മകളെയും വെട്ടിയും അടിച്ചും കൊല്ലുകയായിരുന്നു. ഇതിനുശേഷവും പ്രതികള്‍ ഇരുവരെയും മാനഭംഗത്തിനു വിധേയരാക്കി.
കേസില്‍ രാജേന്ദ്രന്റെ അപ്പീല്‍ ഹൈക്കോടതി 2018 ഒക്ടോബര്‍ 30നു തള്ളിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഇ.എ റഹീം കോടതിയില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."