അതിവേഗ മിസൈല്‍വേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
ഭുവനേശ്വര്‍: ആഭ്യന്തരതലത്തില്‍ വികസിപ്പിച്ച അതിവേഗ ശത്രു മിസൈല്‍വേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. താഴ്ന്ന ഉയരത്തില്‍ വരുന്ന മുഴുവന്‍ ബാലിസ്റ്റിക് മിസൈലുകളെയും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണിത്.
ഒഡിഷയിലെ ബാലാസുരുവിനടുത്ത് ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റെയ്ഞ്ചിലെ (ഐ.ടി.ആര്‍)ആറാമത് വിക്ഷേപണത്തറയില്‍നിന്ന് ഉയര്‍ന്ന പൃഥ്വി മിസൈല്‍ ലക്ഷ്യമാക്കിയാണ് പുതിയ മിസൈല്‍ പരീക്ഷണം നടന്നത്. ഇന്നലെ രാവിലെ 10.10നാണ് പൃഥ്വി മിസൈല്‍ പറന്നുയര്‍ന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ അബ്ദുല്‍ കലാം ഉപദ്വീപില്‍ സ്ഥാപിച്ചിരുന്ന പുതിയ ശത്രുവേധ മിസൈലിന് ഇതില്‍നിന്നുള്ള അപായസൂചന ലഭിച്ച് നാലു മിനിറ്റുകള്‍ക്കകം തന്നെ ഇത് കുതിച്ചുയര്‍ന്ന് വായുവില്‍വച്ച് തകര്‍ക്കുകയായിരുന്നു.
ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ഈ മിസൈല്‍ ഇന്ത്യ പരീക്ഷിക്കുന്നത്. ബഹുതല പ്രതിരോധ മിസൈല്‍ വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പരീക്ഷണം.
കഴിഞ്ഞ മാസം 11ന് ഒഡിഷയില്‍ വച്ചു തന്നെ ഭൂമിയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബാലിസ്റ്റിക് മിസൈലിനെ ഇതേ മിസൈല്‍ കൊണ്ട് തകര്‍ത്ത് പരീക്ഷണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."