കുപ്പിവെള്ളം ലിറ്ററിന് 13 രൂപ; മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടു
തിരുവനന്തപുരം: അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കുന്നതിനുള്ള ഭക്ഷ്യ വകുപ്പിന്റെ ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പിട്ടു. കുപ്പിവെള്ളം മാഫിയയില്നിന്നുള്ള എതിര്‍പ്പ് അവഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യത്തിലുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവില്‍ വരുമെന്നു മന്ത്രി പി. തിലോത്തമന് പറഞ്ഞു. ആറ് രൂപയില്‍ താഴെ മാത്രമാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ നിര്‍മാണ ചെലവ്. എട്ട് രൂപയ്ക്കാണ് ഇത് കമ്പനികള്‍ കടകളിലെത്തിക്കുന്നത്. ഇതിന് 12 രൂപയുടെ ലാഭമെടുത്ത് 20 രൂപക്കാണ് വ്യാപാരികള്‍ വില്‍ക്കുന്നത്. പുതുക്കിയ വിലയ്ക്ക് പുറമെ, ബി.ഐ.എസ് നിര്‍ദേശിക്കുന്ന ഗുണനിലവാരം നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ അനധികൃത കമ്പനികള്‍ പൂട്ടിപ്പോകുമെന്നാണ് കണക്കുകൂട്ടല്‍. 2018 മെയ് 10 നാണ് വിവിധ കുപ്പിവെള്ള കമ്പനികള്‍ മന്ത്രി പി. തിലോത്തമനുമായി നടത്തിയ യോഗത്തില്‍ വെള്ളത്തിന്റെ വില കുറയ്ക്കാന്‍ തീരുമാനിച്ചത്. ലിറ്ററിന് 12 രൂപ നിരക്കില്‍ വില്‍ക്കാനായിരുന്നു തീരുമാനം. എന്നാല്‍ വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നടപ്പിലായിരുന്നില്ല. ചില വെള്ളക്കമ്പനികളും എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."