സിംസ് പദ്ധതിയിലും വന്‍ തിരിമറി: സര്‍ക്കാര്‍ ഉത്തരവിനു പുല്ലുവില, പ്രതിക്കൂട്ടില്‍ പൊലിസ്
തിരുവനന്തപുരം: സംസ്ഥാന പൊലിസിന്റെ പ്രവര്‍ത്തനത്തിലേയും ഫണ്ട് വിനിയോഗത്തിലേയും വീഴ്ച്ച സംഭവിച്ചതായി സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ നിരവധി പദ്ധതികളും സംശയനിഴലില്‍. പൊലിസ് ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിനുള്ള തുക വക മാറ്റിയെന്നും പൊലിസില്‍ കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നുമായിരുന്നു സി.എ.ജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ സ്വകാര്യ കണ്‍ട്രോള്‍ റൂം വഴി സ്ഥാപനങ്ങള്‍ക്ക് മേല്‍ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള സിംസ് പദ്ധതിയും സംശയത്തിന്റെ കരിമ്പട്ടികയിലായിരിക്കുകയാണ്. പൊലിസിന് ബാധ്യതയില്ലാതെ നടത്തണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി നിര്‍ദ്ദേശവും അട്ടിമറിച്ചതിലൂടെ പദ്ധതിയിലും ക്രമക്കേട് കണ്ടെത്തിയിരിക്കുകയാണ്. പൊലിസിനെതിരേ ഉയര്‍ന്ന ആരോപണങ്ങളെയും ക്രമക്കേടുകളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിക്കളയുകകൂടി ചെയ്തതോടെ പ്രതിപക്ഷം സംഭവത്തെ കൂടുതല്‍ രാഷ്ട്രീയായുധമാക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ തന്നെ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലിസ് ആസ്ഥാനത്ത് കെല്‍ട്രോണിന് പ്രത്യേക സ്ഥലം അനുവദിച്ച് സ്വകാര്യ കണ്‍ട്രോള്‍ റൂം തുറക്കാനുമായിരുന്നു പദ്ധതി. ഇവിടെ കെല്‍ട്രോണിലെ ജീവനക്കാരെ നിയമിച്ച് 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തണം. നിരീക്ഷണത്തിന് ബാങ്കുകളും സ്ഥാപനങ്ങളും നിശ്ചിത തുക കെല്‍ട്രോണിന് നല്‍കണം. കെല്‍ട്രോണ്‍ ഈ ബാങ്കുകളിലും വീടുകളിലും ക്യാമറ സ്ഥാപിക്കണം.
ചെറിയ വിഹിതം പൊലിസിനും ലഭിക്കുന്ന തരത്തിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.
എന്നാല്‍ കെല്‍ട്രോണ്‍ ഇത് ഉപകരാര്‍ നല്‍കി സ്വകാര്യ സ്ഥാപനത്തിന് നിരീക്ഷണ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ബാങ്കുകളോ സ്ഥാപനങ്ങളോ സഹകരിക്കാന്‍ വന്നില്ല. ഇതോടെ പദ്ധതി പാളി. ഈ ഘട്ടത്തില്‍ മാത്രമാണ് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ നേരിട്ടിടപെട്ടത്. സ്ഥാപനങ്ങളെ പദ്ധതിയുമായി സഹകരിപ്പിക്കാനുള്ള ഇടപെടല്‍ നടത്താന്‍ ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. എസ്.പി മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് കണ്‍ട്രോള്‍ റൂമിന്റെ ഭാഗമാകാന്‍ പല സ്ഥാപനങ്ങളും തീരുമാനിച്ചത്.
നിരീക്ഷിക്കാന്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ കെല്‍ട്രോണ്‍ ജീവനക്കാരായിരിക്കണം എന്ന ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശവും അട്ടിമറിച്ചു. ഇപ്പോള്‍ പൊലിസുകാരാണ് ജോലി ചെയ്യുന്നത്.
ഉന്നത ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയെ എതിര്‍ത്തിരുന്നു. പൊലീസിന്റേത് സൗജന്യ സേവനമാണെന്നായിരുന്നു ഇവരുടെ വാദം. ഫലത്തില്‍ സിംസ് പദ്ധതി നേരായ വഴിക്കല്ല മുന്നോട്ട് പോകുന്നതെന്നാണ് വ്യക്തമാകുന്നത്.
എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മിക്കാന്‍ ക്വാര്‍ട്ടേഴ്സ് നിര്‍മിക്കുന്നതിനുള്ള തുകയില്‍ 2.81 കോടി രൂപ വകമാറ്റിയെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍.
പൊലീസ് സ്റ്റേഷനുകളിലേക്ക് കാറുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തെ തന്നെ കണ്ടെത്തി. മിത്ഷുബിഷി പജേറോ സ്പോര്‍ട് വാഹനത്തിന്റെ വിതരണക്കാരില്‍ നിന്ന് വസ്തുതാ വിവരങ്ങളും പ്രൊഫോര്‍മ ഇന്‍വോയിസും ശേഖരിച്ചു. ഇതിന് ഡിജിപി മുന്‍കൂര്‍ അനുമതി വാങ്ങിയില്ല. തുറന്ന ദര്‍ഘാസ് വഴി പോലും കാര്‍ വാങ്ങാന്‍ ഉദ്ദേശിച്ചില്ലെന്ന് വ്യക്തമായി. തുറന്ന ദര്‍ഘാസ് നടത്താതിരിക്കാന്‍ കാരണമായി പറയുന്ന സുരക്ഷാ പരിഗണനകള്‍ സ്വീകാര്യമല്ലെന്ന് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കാറിന്റെ വിതരണക്കാര്‍ക്ക് മുന്‍കൂറായി 33 ലക്ഷം നല്‍കി. 15 ശതമാനം ആഡംബര കാറുകള്‍ വാങ്ങി. 2017ലെ ടെക്നിക്കല്‍ കമ്മിറ്റി യോഗത്തിന് മുന്‍പ് കമ്പനികളില്‍ നിന്ന് വിവരം ശേഖരിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്നും സിഎജി വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."