രാജ്യറാണി മെയ് ഒന്‍പത് മുതല്‍ സ്വതന്ത്ര ട്രെയിന്‍
നിലമ്പൂര്‍: കൊച്ചുവേളി- നിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസ് മെയ് ഒന്‍പതു മുതല്‍ സ്വതന്ത്രമാകും. റെയില്‍വേ ബോര്‍ഡ് പുതിയ ഷെഡ്യൂള്‍ ഇന്നലെ പുറത്തിറക്കി. രാജ്യറാണി സ്വതന്ത്രമാകുന്നതോടെ മധുര-പാലക്കാട്-തിരുവനന്തപുരം അമൃത എക്‌സ്പ്രസിനും സമയത്തില്‍ നേരിയ മാറ്റം വരുത്തിയിട്ടുണ്ട്.
നിലവില്‍ നിലമ്പൂരില്‍നിന്നു തിരുവനന്തപുരത്തേക്കാണെങ്കിലും മെയ് ഒന്‍പതു മുതല്‍ നിലമ്പൂരില്‍നിന്നു കൊച്ചുവേളി വരെയും തിരിച്ചുമാണ് രാജ്യറാണി സര്‍വിസ് നടത്തുക. സ്വതന്ത്രമാകുന്നതോടെ നിലമ്പൂരില്‍നിന്നു രാത്രി 8.50നു പുറപ്പെട്ട് 10.10നു ഷൊര്‍ണൂരിലെത്തും. ഷൊര്‍ണൂരില്‍നിന്നു 10.40ന് പുറപ്പെട്ട് കോട്ടയം വഴി നിലവിലെ സ്റ്റോപ്പുകളിലൂടെതന്നെ പുറപ്പെട്ട് പുലര്‍ച്ചെ ആറിനു കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയില്‍നിന്നു രാത്രി 8.50ന് പുറപ്പെട്ട് രാവിലെ 7.50നു നിലമ്പൂരിലെത്തും. 16 കോച്ചുകളുണ്ടാകുമെന്നു സൂചന ലഭിച്ചിരുന്നുവെങ്കിലും സ്വതന്ത്ര ട്രെയിനാകുന്നതോടെ തുടക്കത്തില്‍ 13 കോച്ചുകളുമായാണ് രാജ്യറാണി കൊച്ചുവേളിയിലേക്ക് പുറപ്പെടുക. 13 കോച്ചുകളില്‍ എ.സി ടു ടയര്‍ ഒന്ന്, എ.സി 3 ടയര്‍ ഒന്ന്, സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ച് ഏഴ്, ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് മൂന്ന്, വനിതാ കമ്പാര്‍ട്ട്‌മെന്റ് ഒന്ന് എന്നിങ്ങനെയായിരിക്കും രാജ്യറാണിക്കുണ്ടാകുക. അതേസമയം, രാജ്യറാണി സ്വതന്ത്രമാകുന്നതോടെ അമൃത എക്‌സ്പ്രസിനു ഷൊര്‍ണൂര്‍ ജങ്ഷനില്‍ പ്രവേശിക്കാനാകില്ല. പാലക്കാട്ടുനിന്നു ഷൊര്‍ണൂര്‍ ബൈപാസ് വഴിയാണ് അമൃത തിരുവനന്തപുരത്തേക്കു പോകുക. മധുരയില്‍നിന്ന് ഉച്ചയ്ക്ക് 3.15നു പുറപ്പെടുന്ന അമൃത എക്‌സ്പ്രസ് പുലര്‍ച്ചെ 5.50നാണ് തിരുവനന്തപുരത്തെത്തുക. തിരുവനന്തപുരത്തുനിന്നു രാത്രി 8.30ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.15നാണ് മധുരയിലത്തെുക. നിലവില്‍ നിലമ്പൂരില്‍നിന്നു രാത്രി 8.40ന് പുറപ്പെടുന്ന രാജ്യറാണി 10.30ഓടെ ഷൊര്‍ണൂരിലെത്തും. 11.20ന് പാലക്കാട്ടുനിന്നുള്ള അമൃതയുമായി കൂട്ടിയോജിപ്പിച്ചാണ് തിരുവനന്തപുരത്തേക്കു സര്‍വിസ് നടത്തുന്നത്. ഷൊര്‍ണൂരില്‍നിന്ന് അമൃത എക്‌സ്പ്രസിന്റെ 15 കോച്ചുകള്‍ മധുരയിലേക്കും എട്ടെണ്ണം നിലമ്പൂരിലേക്കുമാണ് ഘടിപ്പിക്കുന്നത്.
സ്വതന്ത്ര ട്രെയിനാകുന്നതോടെ കോച്ചുകളുടെ എണ്ണവും വര്‍ധിക്കും. മലബാറിലെ കാന്‍സര്‍ രോഗികള്‍ക്കുള്‍പ്പടെ നൂറുകണക്കിനു യാത്രകാര്‍ക്ക് ആശ്വാസകരമാണ് രാജ്യറാണി എക്‌സ്പ്രസ് എങ്കിലും കൊച്ചുവേളിയില്‍നിന്നു രാത്രി സമയം ചുരുക്കിയതും കൊച്ചുവേളിയില്‍നിന്നു തിരുവനന്തപുരത്തേക്ക് ബസ് യാത്രയും രോഗികള്‍ക്കു പ്രയാസവും വരുത്തുമെന്നു വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."