ഫോട്ടോ എടുത്തെന്നാരോപിച്ച് മംഗളൂരു വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫുകാര്‍ മലയാളി യുവാവിനെ ബന്ധുക്കളുടെ മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു
ഹമീദ് കുണിയ
കാസര്‍കോട്: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവാവിന് നേരെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ ക്രൂരമായ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് വിമാനത്താവളത്തിന് പുറത്ത് യുവാക്കളെ ഒരുകൂട്ടം സി.ഐ.എസ്.എഫ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചത്. മഞ്ചേശ്വരത്തെ പരേതനായ ഹനീഫയുടെ മകന്‍ അര്‍ഷാദിനെ യാത്രയയക്കുന്നതിനായി എത്തിയ ഇയാളുടെ സഹോദരന്‍ അബൂബക്കര്‍ അനസിനെയാണ് എട്ടംഗ സംഘം വളഞ്ഞിട്ടു മര്‍ദിക്കുകയും ഷൂസിട്ട കാല് കൊണ്ട് വയറ്റത്ത് ചവിട്ടുകയും ചെയ്തത്.
അനസിന്റെ മാതാവ് മറിയുമ്മ, വരുടെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്മക്കള്‍ എന്നിവരുടെ മുന്നിലിട്ടാണ് മാനസിക വൈകല്യമുള്ള അര്‍ഷാദിനെ തല്ലിച്ചതച്ചത്. യുവാവിനെ വളഞ്ഞിട്ട് പിടിച്ച ശേഷം കൈവിലങ് അണിയിക്കുകയും തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ ആരോപിച്ചു. അതിനിടെ ഉദ്യോഗസ്ഥരുടെ ക്രൂരത മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രസ്തുത യുവാവിനെയും വെറുതെ വിട്ടില്ല. മൊബൈല്‍ പിടിച്ചു വാങ്ങി ദൃശ്യങ്ങള്‍ മായ്ച്ചു കളയുകയും തുടര്‍ന്ന് ഇയാളെ മര്‍ദിക്കുകയും ചെയ്തു.
മൂന്നു മാസത്തെ സന്ദര്‍ശക വിസയില്‍ മസ്‌ക്കറ്റിലേക്കു പോകുന്നതിനു വേണ്ടിയാണു അര്‍ഷാദ് മംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. കൂടെ ഇയാളുടെ മാതാവും 18 വയസിനു താഴെയുള്ള മൂന്നു സഹോദരിമാരും അനസും ഉണ്ടായിരുന്നു. രാത്രി പത്തോടെ വിമാനത്താവളത്തിന്റെ പുറത്തു നിന്നും ഗെയ്റ്റില്‍ കൂടി അര്‍ഷാദ് അകത്തു പോകുന്നതിനിടെ അനസ് സഹോദരന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി. ഇത് ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചാടി വീണു അനസിന്റെ ഷര്‍ട്ടിന്റെ കോളര്‍ പിടിക്കുകയും മൊബൈല്‍ പിടിച്ചു വാങ്ങി ഫോട്ടോ നശിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് അനസ് തന്റെ സഹോദരന്‍ ആദ്യമായി വിദേശത്തേക്ക് പോകുന്ന സങ്കടത്തിലാണ് താന്‍ ഫോട്ടോ എടുത്തതെന്നും ഇവിടെ ഫോട്ടോ എടുക്കരുതെന്നുള്ള ബോര്‍ഡുകളൊന്നും ഇല്ലാത്തത് കൊണ്ടാണ് ഇതെടുത്തതെന്നും ഉദ്യോഗസ്ഥനോട് പറയുകയും ചെയ്തു.
തുടര്‍ന്ന് അനസും കുടുംബവും തങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്ക് നടന്നു നീങ്ങുന്നതിനിടയിലാണ് എട്ടുപേരടങ്ങിയ സി.ഐ.എസ്.എഫ് സംഘം അനസിന്റെ പിന്നാലെ വന്നു ചാടി വീഴുകയും വടികൊണ്ടും ൂസിട്ട കാല് കൊണ്ടും സംഘം ചേര്‍ന്ന് വളഞ്ഞിട്ടു മര്‍ദിക്കുകയുമായിരുന്നു. അക്രമത്തില്‍ അനസ് നിലത്തു വീഴുകയും ചെയ്തു. ഇത് നേരിട്ട് കണ്ട മാതാവ് മറിയുമ്മയും ബോധരഹിതയായി നിലത്തു വീണു. വിമാനത്താവളത്തിന്റെ ഒരു ഭാഗത്തെ മതിലിനടുത്തേക്കു വലിച്ചു കൊണ്ട് പോയാണ് ക്രൂരമായി തല്ലിച്ചതച്ചത്. ഇവരുടെ വിളയാട്ടം നേരിട്ട് കണ്ട മറ്റൊരാള്‍ ഇത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതോടെ അയാളെയും സി.എസ്.എഫ് ജീവനക്കാര്‍ വെറുതെ വിട്ടില്ല.
രാത്രി പത്തോടെ ആരംഭിച്ച ഉദ്യോഗസ്ഥരുടെ വിളയാട്ടം പുലര്‍ച്ചെ മൂന്നു മണിവരെ നീണ്ടു. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണത്തിന് തടസ്സം വരുത്തിയെന്ന കള്ളപരാതി നല്‍കി അനസിനെയും കുടുംബത്തെയും ബജ്പെ പൊലിസിനു കൈമാറി. അനസിനെ ഒന്നര മണിക്കൂറോളം ലോക്കപ്പിലിട്ട ബജ്പെ പൊലിസ് അനസിന്റെ മാതാവില്‍ നിന്നും സംഭവ സമയത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന കാസര്‍ക്കോട്ടെ മറ്റു ചിലരില്‍ നിന്നും സത്യാവസ്ഥ മനസ്സിലാക്കിയതിനെ തുടര്‍ന്ന് അനസിനെതിരെ പെറ്റി കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഇതേ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് അനസിനും കുടുംബത്തിനും നാട്ടിലേക്ക് തിരികെ പോകാനായത്. വലതു കൈക്കും വയറിനും,പുറത്തും പരുക്കേറ്റതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയോടെ അനസിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."