വൈദികന്റെ ബാലികാ പീഡനം; അന്വേഷണ സംഘം വയനാട്ടിലെത്തി
കല്‍പ്പറ്റ: മാനന്തവാടി രൂപതയിലെ മുതിര്‍ന്ന വൈദികനും കൊട്ടിയൂര്‍ നീണ്ടുനോക്കി ഇടവക വികാരിയുമായിരുന്ന റോബിന്‍ വടക്കഞ്ചേരിയുടെ ബാലികാ പീഡനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് പൊലിസ് സംഘം വയനാട്ടിലെ വൈത്തിരിയിലെത്തി. വൈത്തിരിയിലെ ഹോളി ഇന്‍ഫന്റ് മേരീസ് ചാരിറ്റി കേന്ദ്രത്തിലാണ് അന്വേഷണ സംഘം ഇന്ന് എത്തിയത്. കുട്ടികളെ ദത്തെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ ഒരാഴ്ച പോലും പ്രായമില്ലാത്ത ചോരക്കുഞ്ഞിനെ ലഭിച്ചിട്ടും പൊലിസിനെയോ ജില്ലാ ചെല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയെയോ അറിയിക്കാത്താണ് സംഭവത്തിന്റെ ഗൂഢാലോചനയില്‍ സ്ഥാപനത്തിന്റെ പങ്ക് അന്വേഷണ വിധേയമാക്കാന്‍ പൊലിസ് തീരുമാനിച്ചത്. ഇത് പ്രകാരം കഴിഞ്ഞ ദിവസം പൊലിസ് സ്ഥാപനമേധാവികളില്‍ നിന്നും പ്രാഥമിക മൊഴിയെടുത്തിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണത്തിന് സംഘം വയനാട്ടിലെത്തിയത്.
ഫെബ്രുവരി ഏഴിനാണ് പ്ലസ്ടു വിദ്യാര്‍ഥിനി കന്യാ സ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ പ്രസവിച്ചത്. അഞ്ചാം ദിവസം ചേരക്കുഞ്ഞിനെ വൈത്തിരിയിലെ സ്ഥാപനത്തിലെത്തിച്ചതായാണ് വിവരം. എന്നാല്‍ 20 നാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ കുട്ടിയെത്തിയ വിവരം അറിയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയോ കണ്ണൂര്‍ ജില്ലാ സി.ഡബ്ല്യു.സിയെ അറിയിക്കുകയോ പൊലിസില്‍ അറിയിക്കുകയോ ചെയ്യാതെ തന്നെ കുട്ടിയെ ഏറ്റെടുത്തത് സി ഡബ്ല്യു സിയും അംഗീകരിക്കുയായിരുന്നു.
സംഭവം പുറത്തായതോടെ ഫെബ്രുവരി 27ന് അര്‍ദ്ധരാത്രി പേരാവൂരില്‍ നിന്നും പൊലിസെത്തി രാത്രിയില്‍ തന്നെ കുഞ്ഞിനെ ഏറ്റെടുത്ത് തുടര്‍ പരിചരണത്തിന് തളിപ്പറമ്പിലെ കേന്ദ്രത്തിലേല്‍പിച്ചു. കണ്ണൂര്‍ ജില്ലയില്‍ തന്നെ ദത്തെടുക്കുന്നതിന് അംഗീകാരമുള്ള രണ്ട് കേന്ദ്രങ്ങളുണ്ടെന്നിരിക്കെ വയനാട്ടിലെത്താക്കാനുള്ള കാരണവും വൈത്തിരിയിലെ സ്ഥാപനം സംഭവം പൊലിസില്‍ നിന്നും സി ഡബ്ല്യു സിയില്‍ നിന്നും മറച്ചുവെച്ചതുമാണ് കേന്ദ്രത്തിനെതിരെ അന്വേഷണത്തിലെത്തിച്ചത്. ഇതിനാലാണ് കുഞ്ഞിന്റെ സുരക്ഷയില്‍ സന്ദേഹം പ്രകടിപ്പിച്ചു കൊണ്ട് കുഞ്ഞിനെ അര്‍ദ്ധരാത്രിയില്‍ തളിപ്പറമ്പിലേക്ക് മാറ്റിയത്. വൈത്തിരിയിലെ സ്ഥാപനത്തില്‍ കുഞ്ഞിനെ ഏല്‍പിച്ചപ്പോള്‍ ഒരാഴ്ചക്കകം തിരികെ കൊണ്ടു പോകാമെന്ന് ഉറപ്പ് നല്‍കിയതായാണ് വിവരം. എന്നാല്‍ പീഡനത്തിരയായ പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി ധാരണയിലെത്തിയതിനെ തുടര്‍ന്ന് കുഞ്ഞിനെ അവിടെ തന്നെ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവത്രെ. ഏതായാലും സംഭവത്തിലെ ഗൂഡാലോചനയില്‍ പങ്കുള്ളവരെ മുഴുവന്‍ പുറത്ത് കൊണ്ടുവരാന്‍ പൊലിസിന് കഴിഞ്ഞാല്‍ മാത്രമെ ജില്ലയിലെ സ്ഥാപനങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് വ്യകതമാവുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."