HOME
DETAILS
MAL
ഹാര്‍ദിക് പട്ടേല്‍ എവിടെ?
backup
February 15 2020 | 03:02 AM
അഹമ്മദാബാദ്: പട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിനെ 20 ദിവസമായി കാണാനില്ലെന്ന പരാതിയുമായി ഭാര്യ കിഞ്ജല്‍ പട്ടേല്‍. സാമൂഹികമാധ്യമത്തില്‍ പുറത്തുവിട്ട വിഡിയോയിലൂടെയാണ് ഇവര്‍ പരാതി പറഞ്ഞിരിക്കുന്നത്.
പട്ടേല്‍ സമരത്തിന്റെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കുമെന്നു 2017ല്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നിട്ടും, എന്തുകൊണ്ടാണ് അവര്‍ ഹാര്‍ദികിനെ മാത്രം വേട്ടയാടുന്നതെന്നു ചോദിച്ച അവര്‍, ബി.ജെ.പിയില്‍ ചേര്‍ന്ന മറ്റു രണ്ടു നേതാക്കള്‍ക്കെതിരേ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ആരാഞ്ഞു.
ഹാര്‍ദിക് പട്ടേലിനെ സര്‍ക്കാര്‍ വേട്ടയാടുകയാണ്. ഹാര്‍ദിക് ജനങ്ങളുമായി സംവദിക്കുന്നതും വിവിധ വിഷയങ്ങള്‍ ജനശ്രദ്ധയില്‍ എത്തിക്കുന്നതും തടയുകയാണ് അവരുടെ ലക്ഷ്യമെന്നും കിഞ്ജല്‍ പട്ടേല്‍ ആരോപിച്ചു.
ഹാര്‍ദിക് എവിടെയെന്നതു സംബന്ധിച്ച് വിവരമൊന്നും ഇല്ലെങ്കിലും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ അരവിന്ദ് കെജ്‌രിവാളിന് ആശംസകളറിയിച്ച് ഫെബ്രുവരി 11ന് ഹാര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പു തന്നെ ജയിലിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ഫെബ്രുവരി 10ന് ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചിരുന്നു.
2015 ഓഗസ്റ്റില്‍ അഹമ്മദാബാദില്‍ നടന്ന റാലിയില്‍ അക്രമമുണ്ടായതിനെ തുടര്‍ന്നെടുത്ത രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് പട്ടേലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2016ല്‍ ജാമ്യത്തിലിറങ്ങിയ ഹാര്‍ദിക്കിനെതിരേ 2018ല്‍ വീണ്ടും കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് ജയിലില്‍ നിന്നിറങ്ങിയ, കോണ്‍ഗ്രസ് നേതാവുകൂടിയായ ഹാര്‍ദിക് പട്ടേലിനെ മറ്റൊരു കേസില്‍ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു. സാബര്‍മതി ജയിലിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നതിനിടെയായിരുന്നു വീണ്ടും പിടികൂടിയത്.
നാലുവര്‍ഷം മുമ്പുള്ള രാജ്യദ്രോഹക്കേസില്‍ ഹാജരാകാത്തതിന് കോടതി ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിച്ചതിനാലാണ് ജനുവരി 18ന് ഹാര്‍ദിക്കിനെ ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്നു ജാമ്യം ലഭിച്ച് ജയിലിന് പുറത്തുവന്നപ്പോള്‍ പ്രവര്‍ത്തകരെക്കൂടാതെ ഗാന്ധിനഗര്‍ ജില്ലയിലെ മണ്‍സ പൊലിസും പുറത്തു കാത്തുനിന്നിരുന്നു.
2017ല്‍ അവിടെ പൊലിസിന്റെ അനുമതിയില്ലാതെ പൊതുയോഗത്തില്‍ പ്രസംഗിച്ച കേസിലാണ് വീണ്ടും അറസ്റ്റ് ചെയ്തത്.
ഹാര്‍ദിക്കിനോട് ഗുജറാത്ത് സര്‍ക്കാര്‍ വൈരാഗ്യത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. കോടതി നടപടികളെപ്പറ്റി അറിയാതെയാണ് പ്രിയങ്കയുടെ ഇടപെടലെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ഹാര്‍ദികിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."