HOME
DETAILS
MAL
വിമാനയാത്രികനെ കവര്‍ച്ചയ്ക്കിരയാക്കിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
backup
February 15 2020 | 04:02 AM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് കവര്‍ച്ച ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. പരപ്പനങ്ങാടി നെടുവ ചെറമംഗലം മുസ്‌ലിയാര്‍ വീട്ടില്‍ റഷീദ്(33)ആണ് അറസ്റ്റിലായത്. പ്രതികള്‍ കവര്‍ച്ചക്ക് ഉപയോഗിച്ച കാറും പിടിച്ചെടുത്തു. അറസ്റ്റിലായ റഷീദിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് വാഹനം. സംഭവ സമയത്ത് വാഹനം ഓടിച്ചിരുന്നതും റഷീദായിരുന്നു. കേസില്‍ ഒന്‍പത് പേരാണ് പ്രതികള്‍.
കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ 4.30 ന് ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ മംഗലാപുരം സ്വദേശി അബ്ദുല്‍ നാസര്‍ ഷംസാദ് മറ്റൊരു യാത്രക്കാരനോടൊപ്പം ഓട്ടോയില്‍ ഫറോക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ഒന്‍പതംഗ സംഘം ദേശീയ പാതയില്‍ കൊട്ടപ്പുറത്തിനു സമീപം വച്ച് ബൈക്കിലും കാറിലുമായെത്തി തടഞ്ഞ് തട്ടിക്കൊണ്ടുപോവുകയായിരുന്നു. സ്വര്‍ണക്കടത്ത് കാരിയറാണെന്ന് സംശയിച്ചാണ് ഇയാളെ സംഘം തട്ടിക്കൊണ്ടുപോയതെന്ന് പൊലിസ് പറഞ്ഞു.
വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ അബ്ദുല്‍നാസറിനെ അക്രമികള്‍ കണ്ണ് മൂടിക്കെട്ടി നഗ്‌നനാക്കി പരിശോധിക്കുകയും പ്രകൃതി വിരുദ്ധ പീഡനം നടത്തുകയും ചെയ്തതായി പൊലിസ് പറഞ്ഞു. പിന്നീട് ഇയാളുടെ കൈവശമുണ്ടായിരുന്ന എ.ടി.എം കാര്‍ഡ് വാങ്ങി പിന്‍നമ്പര്‍ ആവശ്യപ്പെട്ടു. ഇത് ഉപയോഗിച്ച് 23,000 രൂപയും പിന്‍വലിച്ചു. ബാഗേജുകളും വിദേശ കറന്‍സിയും മറ്റും കൈക്കലാക്കിയ സംഘം ഇയാള്‍ക്ക് 500 രൂപ നല്‍കി തേഞ്ഞിപ്പലം ഹൈവേയില്‍ ഉപേക്ഷിക്കുകയായിരുന്നു.
അബ്ദുല്‍ നാസറിന്റെ പരാതിയില്‍ കൊണ്ടോട്ടി സി.ഐ ഷൈജു, എസ്.ഐ വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചുള്ള അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. ഹൈവേയിലും മറ്റുമുള്ള നാല്‍പതോളം സി.സി.ടി.വി കാമറകള്‍ ഇതിന്റെ ഭാഗമായി പരിശോധിച്ചിരുന്നു. തുടര്‍ന്ന് പരപ്പനങ്ങാടിയില്‍ വച്ച് പ്രതിയേയും വാഹനവും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ കൂട്ടുപ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുല്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, പ്രശാന്ത്, പ്രമിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."