നികുതി അടച്ചില്ല; വിനോദയാത്രാസംഘത്തിന്റെ ബസ് തടഞ്ഞു
വിദ്യാര്‍ഥികളെ മറ്റൊരു വാഹനത്തില്‍ തിരിച്ചയച്ചു#
തൃപ്പൂണിത്തുറ: റോഡ് ടാക്‌സടക്കാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വിനോദയാത്രയ്‌ക്കെത്തിയ ടൂറിസ്റ്റ് ബസ് പൊലിസ് പിടികൂടി. തുടര്‍ന്ന് മണിക്കൂറുകള്‍ക്കു ശേഷം മറ്റൊരു വാഹനത്തില്‍ കുട്ടികളെ തിരിച്ചയച്ചു. ഇന്നലെ ഉച്ചക്ക് 2.30ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് മ്യൂസിയത്തിനകത്താണ് പൊലിസ് വാഹനം പരിശോധിച്ച് ടാക്‌സ് അടച്ച രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയത്.
കോഴിക്കോട് മായനാട് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളുമായി വിനോദയാത്രക്ക് പുറപ്പെട്ട കര്‍ണ്ണന്‍ എന്ന 49 സീറ്റുള്ള ടൂറിസ്റ്റ് ബസ് ആറുമാസത്തെ ടാക്‌സ് അടച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. 40 വിദ്യാര്‍ഥികളും 30 അധ്യാപകരും രക്ഷിതാക്കളുമടക്കം രണ്ട് വാഹനത്തിലായിരുന്നു സംഘം വിനോദയാത്രക്ക് പുറപ്പെട്ടത്. വലിയ ടൂറിസ്റ്റ് ബസില്‍ കുട്ടികളും അധ്യാപകരും മിനി ടെമ്പോ ട്രാവലറില്‍ രക്ഷിതാക്കളുമാണ് ഉണ്ടായിരുന്നത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആമിനയുടെ നേതൃത്വത്തിലായിരുന്നു സംഘം എത്തിയത്. കുട്ടികളെ മെട്രോ കാണിച്ച ശേഷം ഹില്‍ പാലസിലെത്തി മ്യൂസിയം കണ്ട് ഉച്ചഭക്ഷണവും കഴിഞ്ഞ് യാത്രതുടരാന്‍ ഒരുങ്ങുമ്പോഴാണ് പൊലിസ് വാഹനം പരിശോധിച്ചത്. സംഭവമറിഞ്ഞ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ (എം.വി.ഐ) ബിജോയ് പീറ്ററിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരും രംഗത്തെത്തി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരിശോധനയില്‍ ആറുമാസത്തെ ടാക്‌സായ 65,000 രൂപ കുടിശ്ശികയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് വാഹനം ഓടിച്ചിരുന്ന ബൈജു വി.പിയെ കസ്റ്റഡിയിലെടുത്തു.ബിപിന്‍ രാജിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 38 6101 എന്ന രജിസ്റ്റര്‍ നമ്പറിലുള്ള വാഹനം പ്രിന്‍സ് എന്ന ഇടനിലക്കാരന്‍ മുഖേന സ്‌കൂളിനു വിനോദയാത്രയ്ക്കായി തരപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ ഉടമസ്ഥന്‍ വാഹനം അനധികൃതമായി കൊണ്ടുപോയെന്ന് പൊലിസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഹില്‍പാലസില്‍ വച്ച് വാഹന പരിശോധന നടത്തിയത്.
വാഹനത്തില്‍ ഇനി യാത്ര തുടരാനാവില്ലെന്ന് എം.വി.ഐ അറിയിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ തിരിച്ചെത്തിക്കാന്‍ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡ്രൈവറെകൊണ്ടുതന്നെ മറ്റൊരുവാഹനം ഏര്‍പ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."