ഗോള്‍പോസ്റ്റാകുന്നതെന്തിന്?
''സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴ.. പുറത്തിറങ്ങി നടക്കാനേ വയ്യ. ആക്ഷേപങ്ങളും പരിഹാസങ്ങളും കേട്ടു മനം തകര്‍ന്നിരിക്കുകയാണ്.. ഇനി ഞാനെന്താണു ചെയ്യേണ്ടത്?''
സ്വന്തം ടീമിന്റെ പരാജയത്തിനു കാരണക്കാരനായ ആ കാല്‍പന്തുകളിക്കാരന്‍ ഗുരുവിനോട് കണ്ണീര്‍ തുടച്ചുകൊണ്ടു ചോദിച്ചു.
അപ്പോള്‍ ഗുരു പറഞ്ഞു: ''ഞാന്‍ നിന്നോട് ചില ചോദ്യങ്ങള്‍ ചോദിക്കട്ടെ.. ഉത്തരം പറയുമോ...?''
''തീര്‍ച്ചയായും..''
''കളിക്കളത്തിലെ ഗോള്‍കീപ്പറാണല്ലോ നീ. നിനക്കു നേരെ പന്തുവന്നാല്‍ നീയെന്താണു ചെയ്യുക?''
''ഞാന്‍ പ്രതിരോധിക്കും..''
''എങ്ങനെ...?''
''ഒന്നുകില്‍ കാല്‍കൊണ്ട് അതേ നാണയത്തില്‍ തിരിച്ചടിക്കും.. അല്ലെങ്കില്‍ കൈകൊണ്ട് തടുക്കും..''
''പന്തിനെ ഗോള്‍ പോസ്റ്റിലേക്ക് കടക്കാന്‍ അനുവദിക്കുമോ...?''
''ഇല്ല..''
''അനുവദിച്ചാല്‍ എന്താ പ്രശ്‌നം..?''
''എന്റെ ടീം പരാജയപ്പെടുകയും എതിര്‍ ടീം വിജയിക്കുകയും ചെയ്യും..''
''എന്നാല്‍ ഇതുതന്നെയാണ് ജീവിതത്തിലും സംഭവിക്കുന്നത്.. നിന്റെ മനസ് ഗോള്‍ പോസ്റ്റാണെങ്കില്‍ അതിനു മുന്നില്‍ നില്‍ക്കേണ്ട ഗോള്‍ കീപ്പറാണു നീ. മറ്റുള്ളവരുടെ ആക്ഷേപങ്ങളും പരിഹാസങ്ങളും നിന്റെ മനസിനെ ലക്ഷ്യമാക്കിവരുന്ന പന്തുകളാണ്.. പന്തിന്റെ വരവിനെ നമുക്കൊരിക്കലും നിയന്ത്രിക്കാന്‍ കഴിയില്ല. അതെന്തായാലും വന്നുകൊണ്ടിരിക്കും. പക്ഷെ, വന്ന പന്ത് ഗോള്‍പോസ്റ്റില്‍ കയറാതെ നോക്കാന്‍ നമുക്കു കഴിയും..''
ഗുരു തുടര്‍ന്നു:
''ചിലര്‍ നീ പറഞ്ഞപോലെ തിരിച്ചടിക്കാരാണ്. ആക്ഷേപങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിക്കും. പരിഹസിച്ചവനെ തിരിച്ചും പരിഹസിക്കും. വേറെ ചിലര്‍ തിരിച്ചടിക്കില്ല, പക്ഷെ, പ്രതിരോധിക്കും.. ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാനാണ് അവര്‍ ശ്രമിക്കുക. എന്നാല്‍ മറ്റു ചിലരുണ്ട്. അവരാണ് ഏറ്റവും മോശപ്പെട്ട ഗോള്‍ കീപ്പര്‍മാര്‍.. നീ ആ കൂട്ടത്തിലാണെന്നാണ് എനിക്കു തോന്നുന്നത്. വരുന്ന പന്തിനെ മുഴുവന്‍ ഗോള്‍ പോസ്റ്റില്‍ കയറാന്‍ അനുവദിക്കുന്നവരാണവര്‍.. അങ്ങനെ അനുവദിക്കുന്നതിനാല്‍ അവര്‍ പരാജയപ്പെട്ടുപോവുകയും ചെയ്യുന്നു. ആരെങ്കിലും പരിഹസിക്കുകയോ വിമര്‍ശിക്കുകയോ ചെയ്താല്‍ അതിനെ ഗോള്‍ പോസ്റ്റാകുന്ന മനസിലേക്ക് കടത്തിവിടും. മനസില്‍ തട്ടിക്കഴിഞ്ഞാല്‍ പിന്നെ സഹിക്കാന്‍ കഴിയില്ലല്ലോ.. ടീം പരാജയപ്പെടുകയാണു ചെയ്യുക.
നീ കളിക്കളത്തിലെ മികച്ച ഗോള്‍ കീപ്പറാണെങ്കില്‍ ജീവിതത്തിലും മികച്ച ഗോള്‍ കീപ്പറായി മാറണം. ആളുകളുടെ കുത്തുവാക്കുകള്‍ക്കു മനസിലേക്കു പ്രവേശനം കൊടുക്കരുത്. കേട്ടില്ലെന്നും കണ്ടില്ലെന്നും നടിച്ചു നീ നിന്റെ പണിയെടുക്കുക; ഒന്നും സംഭവിക്കില്ല. മനസിലേക്കു പ്രവേശനം അനുവദിക്കുന്നതുകൊണ്ടാണു മനസ് തകര്‍ന്നുപോകുന്നത്.
ഗോള്‍ പോസ്റ്റിലേക്ക് നിരന്തരം പന്തുകള്‍ വന്നു തട്ടുന്നത് അപകടമാണ്; വല കീറിപ്പോകും. നിരന്തരം വന്നുകൊണ്ടിരിക്കുന്ന പരിഹാസങ്ങളും വിമര്‍ശനങ്ങളും മനസു തകര്‍ക്കും. പരിഹാസങ്ങളെ ഒരിക്കലും അകത്തേക്കു കയറ്റിവിടരുത്. നീ അനുവദിക്കാതെ നിന്നെ ഒന്നിനും നോവിക്കാന്‍ കഴിയില്ലെന്നാണ്. നോവുണ്ടാക്കുന്ന സാഹചര്യങ്ങളല്ല, ആ സാഹചര്യങ്ങള്‍ക്കു മനസിലേക്കു കയറിവരാന്‍ അനുവാദം നല്‍കുന്ന നീയാണു നിന്റെ പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും കാരണക്കാരന്‍.''
ഇതു പറഞ്ഞ ശേഷം ഗുരു ചോദിച്ചു:
''ഇനി ഞാന്‍ ഏറ്റവും നല്ല ഒരു മരുന്നു പറഞ്ഞുതരാം.. അതുപയോഗിക്കാന്‍ നീ തയാറാകുമോ...?''
''തീര്‍ച്ചയായും..''
''കാല്‍പന്തുകളിയില്‍ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുകയാണെന്നു കരുതുക. ആരും ആര്‍ക്കും വിട്ടുകൊടുക്കാത്ത ജീവന്‍മരണ പോരാട്ടം.. കളി അതിന്റെ മൂര്‍ധന്യതയിലെത്തിനില്‍ക്കുന്ന നേരത്ത് ഗോള്‍ കീപ്പറായ നീ ഗോള്‍ പോസ്റ്റ് എടുത്തൊഴിവാക്കി മറ്റു ടീമംഗങ്ങളെ പോലെ പന്തിനു പിന്നാലെ പോയാല്‍ എന്തു സംഭവിക്കും..?''
''കളി അവിടെ നിലയ്ക്കും.. ഗോള്‍ പോസ്റ്റില്ലാതെ ആരും കളിക്കാനിറങ്ങില്ലല്ലോ..''
''വളരെ ശരി, ഈ പണി കളിക്കളത്തില്‍ ചെയ്യാന്‍ പാടില്ലാത്തതാണെങ്കിലും ജീവിതത്തില്‍ പയറ്റാവുന്ന മികച്ച രീതിയാണ്.. ഗോള്‍ പോസ്റ്റ് കാണുമ്പോഴാണ് അതിലേക്ക് പന്തടിക്കാന്‍ എതിരാളികളെത്തുക. നീ ഗോള്‍ പോസ്റ്റായി നില്‍ക്കരുത്. വല്ല പരിഹാസങ്ങളും വരുന്നുവെങ്കില്‍ പോസ്റ്റെടുത്തൊഴിവാക്കി അവരെ പോലെ പരിഹാസത്തില്‍ പങ്കുചേരുക. അവരെന്തു പറഞ്ഞ് പരിഹസിച്ചാലും അതു വേഗം അംഗീകരിച്ചുകൊടുക്കുക. മറുപടി പറയാന്‍ നില്‍ക്കരുത്. മറുപടി പറയുമ്പോള്‍ അവര്‍ വീണ്ടും പറയാന്‍ തുടങ്ങും. നീയൊരു മണ്ടനാണല്ലോ എന്നു പറയുമ്പോള്‍ 'അതെ, ഞാന്‍ മണ്ടന്‍ തന്നെ. എന്തു വേണം..?' എന്നു ചോദിച്ചേക്കുക. അവിടെ 'ഞാന്‍ മണ്ടനല്ല' എന്നു തെളിയിക്കാന്‍ നടക്കരുത്. തെളിയിക്കുമ്പോള്‍ നീ ഒരു ഗോള്‍ പോസ്റ്റായി മാറും. ഗോള്‍ പോസ്റ്റായാല്‍ അവര്‍ വീണ്ടും വീണ്ടും ഗോളടിക്കാന്‍ വരും. തല്‍ക്കാലം അവര്‍ക്കുവേണ്ടി ഞാന്‍ മണ്ടനാണെന്ന് അംഗീകരിക്കുക. പിന്നെ അവര്‍ക്കൊന്നും പറയാനുണ്ടാവില്ല.
കളിയാക്കലുകളെ കളിയായി എടുത്താല്‍ അതു നമ്മെ ബാധിക്കുന്ന കാര്യമായി മാറില്ല. നേരെ മറിച്ച്, കാര്യമായി എടുത്താല്‍ അതു കളിയും കാര്യവും തമ്മിലുള്ള ഏറ്റുമുട്ടലായി മാറും. അതോടെ ശത്രുതയും വിദ്വേഷവും സങ്കടങ്ങളുമെല്ലാം ഉടലെടുക്കും. അവര്‍ നിന്നെ പരിഹസിക്കുന്നുവെങ്കില്‍ അവര്‍ക്കു മുന്നില്‍ നീ നിന്നെ തന്നെ പരിസഹിച്ചുകാണിക്കുക. നീയും നിന്നെ പരിഹസിക്കുമ്പോള്‍ അവര്‍ പരിഹാസം നിര്‍ത്തും. പരിഹാസങ്ങള്‍കൊണ്ടൊന്നും നിങ്ങള്‍ക്കെന്നെ തകര്‍ക്കാന്‍ കഴിയില്ലെന്ന് തെളിയിക്കലാണത്.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."