സംസ്ഥാനത്ത് ഭരണസ്തംഭനം: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് സംസ്ഥാനത്ത് ഭരണസ്തംഭനത്തിന് ഇടയാക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
വിഷയം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി സതീശന്‍ ഉന്നയിച്ച അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭവിട്ടത്. അതേ സമയം, ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഗൗരവമായ അഭിപ്രായ വ്യത്യാസമോ ഭരണസ്തംഭനമോ ഇല്ലെന്നും പ്രതിപക്ഷം ഇല്ലാത്ത കാര്യം ഉന്നയിച്ച് ജനങ്ങളില്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.
ഉദ്യോഗസ്ഥര്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാകാം. കൂട്ടായ രീതിയിലാണ് ഉദ്യോഗസ്ഥരും സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. ആദ്യകാലത്ത് ഫയല്‍ തീര്‍പ്പാക്കുന്നതില്‍ ചെറിയ കാലതാമസം വന്നു. കഴിഞ്ഞ 9 മാസത്തിനിടെ 18,000 ഫയലുകളാണ് തന്റെ പരിഗണനക്ക് വന്നത്.
തസ്തിക മാറ്റം തടയുകയും സ്ഥലംമാറ്റത്തിന് മാനദണ്ഡം കൊണ്ടുവരികയും ചെയ്തതോടെ ഇനി 200 ഫയല്‍ മാത്രമാണ് ശേഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നന്നായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കും. എന്നാല്‍ സത്യസന്ധരായവര്‍ക്ക് എതിരേ ആയാലും പരാതി ഉയര്‍ന്നാല്‍ സര്‍ക്കാരിന് അന്വേഷിക്കേണ്ടി വരും.
പരാതികളില്‍ അന്വേഷണം നടത്തുന്നത് സംബന്ധിച്ച പ്രത്യേക മാനദണ്ഡം രൂപീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലന്‍സ് ആസ്ഥാനത്ത് അഴിമതിക്കേസുകള്‍ സ്വീകരിക്കില്ലെന്ന നോട്ടിസ് പതിച്ചെന്ന വാര്‍ത്തകളെ തുടര്‍ന്ന് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിജിലന്‍സിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ എല്ലാ സാഹചര്യവുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചത്. ഇതില്‍ പ്രതിഷേധിച്ച പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു.
കൂട്ടിലെ തത്തയോ പുറത്തുവന്ന തത്തയോ അല്ല വിജിലന്‍സെന്നും മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയ പശുവാണെന്നും അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച വി.ഡി സതീശന്‍ ആരോപിച്ചു. പായ്ച്ചിറ നവാസ് എന്ന വ്യക്തിയാരെന്ന് അന്വേഷിക്കണം. രഹസ്യസ്വഭാവമുളള ഫയലുകളിലെ വിവരങ്ങള്‍ പോലും നവാസ് പരാതിയില്‍ ഉന്നയിക്കുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."