നാടിന്റെ നന്മയ്ക്കായി യൂത്ത് ക്ലബുകള്‍ മുന്നിട്ടിറങ്ങണം: എന്‍.എ നെല്ലിക്കുന്ന്
കാസര്‍കോട്: മതേതര മൂല്യങ്ങളും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച് നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ യൂത്ത് ക്ലബുകള്‍ മുന്നിട്ടിറങ്ങണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ദേശീയ യുവജന വാരാഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ യൂത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ ചേരി തിരിഞ്ഞ് യുവജനക്ലബുകള്‍ പ്രവര്‍ത്തിക്കുന്നത് സാമൂഹിക പുരോഗതിക്ക് തടസമാകും. സമൂഹത്തെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയാനും യുവജനങ്ങള്‍ക്ക് സാധിക്കണം. സ്ഥാനങ്ങളോ പദവികളോ നഷ്ടപ്പെടാലും മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കണമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. കലക്ടര്‍ ഡോ.ഡി. സജിത്ത് ബാബു അധ്യക്ഷനായി.
ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബായി തെരഞ്ഞെടുത്ത കാനത്തൂര്‍ ഗോപി ആന്‍ഡ് നാണു മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അവാര്‍ഡ് സമ്മാനിച്ചു. പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായ സര്‍വാന്‍സ് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് ചൗക്കി, ചൗക്കി യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ എരിയാല്‍, യുവശക്തി പബ്ലിക് ലൈബ്രറി ആയന്നൂര്‍ എന്നിവയ്ക്കും പുരസ്‌കാരം നല്‍കി. നെഹ്‌റു യുവകേന്ദ്രയുടെ ഭാഗമായ വിവിധ യൂത്ത് ക്ലബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകള്‍ കലക്ടര്‍ ഡോ. ഡി. സജിത് ബാബു സമ്മാനിച്ചു. ജില്ലാതല സ്‌പോര്‍ട്‌സ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിവിധ മത്സര വിജയികള്‍ക്കുള്ള ട്രോഫികളും കലക്ടര്‍ സമ്മാനിച്ചു.
കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് പ്രോഗ്രാം ഓഫിസര്‍ കെ. പ്രസീത, കാസര്‍കോട് ഗവ. കോളജ് എന്‍.എസ്.എസ് പോഗ്രാം ഓഫിസര്‍ ടി. വിനയന്‍, എന്‍.വൈ.കെ കാസര്‍കോട് പ്രോഗ്രാം ഓഫിസര്‍ ഷാഫി സലീം, എന്‍.വൈ.കെ ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം. അനില്‍കുമാര്‍, നവീന്‍ രാജ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."