നെല്‍പ്പാടങ്ങളുടെ പട്ടിക തയാറാക്കി സമര്‍പ്പിക്കാന്‍ നിര്‍ദേശം
കല്‍പ്പറ്റ: കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി കൃഷി ചെയ്യാത്ത നെല്‍പ്പാടങ്ങളുടെ പട്ടിക തയാറാക്കി സമര്‍പ്പിക്കാന്‍ കൃഷി ഓഫീസര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ നിര്‍ദേശം നല്‍കി.
വര്‍ഷങ്ങളായി തരിശിടുന്ന വലിയ പാടശേഖരങ്ങള്‍ കണ്ടെത്തി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാടശേഖര സമിതികളെക്കൊണ്ടോ സ്വയംസഹായ സംഘങ്ങളെക്കൊണ്ടോ കുടുംബശ്രീകളെക്കൊണ്ടോ കൃഷി ചെയ്യിക്കാനുള്ള പദ്ധതി നടപ്പിലാക്കാനാണ് ശ്രമം. വലിയ നെല്‍വയലുകള്‍ മുറിച്ചുവിറ്റ് അവ പിന്നീട് കരഭൂമിയായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന പ്രവണത വയനാട്ടില്‍ വ്യാപകമാവുകയാണ്.
വലിയ നെല്‍വയലുകളുടെ ഭാഗമായ ഭൂമി വാണിജ്യാടിസ്ഥാനത്തില്‍ കരഭൂമിയാക്കി മാറ്റുന്നത് അനുവദിക്കാവുന്നതല്ല. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കും ഇക്കാര്യത്തില്‍ ഇളവുനല്‍കാവുന്നതാണ് -കളക്ടര്‍ പറഞ്ഞു. വയല്‍ കരഭൂമിയാക്കി മാറ്റുന്നതിനുള്ള അപേക്ഷകളില്‍ അപേക്ഷകന്റെ വരുമാന പരിധി വെക്കണമെന്നും 25 സെന്റില്‍ താഴെയുള്ള ഭൂമി വില്‍പന നടത്തരുതെന്നുമുള്ള നിബന്ധന വെക്കാന്‍ സര്‍ക്കാറിലേക്ക് നിര്‍ദേശം സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. നെല്‍കൃഷി കുറയുന്നത് വയനാടിനെ വരള്‍ച്ചയിലേക്ക് നയിക്കുകയാണെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി.
ഏറ്റവും കൂടുതല്‍ നെല്‍വയലുകളുള്ള പനമരത്തുണ്ടായ വരള്‍ച്ച ഇതിന്റെ സൂചകമാണ്. നെല്‍കൃഷി ഭൂഗര്‍ഭജലവിതാനം ഉയര്‍ത്താന്‍ സഹായിക്കുന്നുണ്ട്. അതേസമയം, കൃഷി ലാഭകരമാക്കാനുള്ള പദ്ധതികളും നടപ്പിലാക്കണം. വയനാടിനെ ജൈവകൃഷിലേക്ക് മാറ്റി തനതുവിത്തിനങ്ങളായ ഗന്ധകശാല, ജീരകശാല തുടങ്ങിയവ കൃഷി ചെയ്ത് വയനാടിന്റെ തനതു ബ്രാന്‍ഡ് എന്ന രീതിയില്‍ വിപണി കണ്ടെത്തിയാല്‍ നെല്‍കൃഷി ലാഭകരമാക്കാനാവും.
കൃഷിക്ക് ജലം നല്‍കാന്‍ കുളങ്ങള്‍ തൊഴിലുറപ്പു പദ്ധതിയിലൂടെ കുഴിക്കാനുള്ള പദ്ധതിയുണ്ടെന്നും കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ സബ് കളക്ടര്‍ ശീറാം സാംബശിവറാവു, കൃഷി വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ജേക്കബ്, ജില്ലാ ലോ ഓഫീസര്‍ എന്‍. ജീവന്‍, കൃഷി ഓഫീസര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."