മാങ്കുളത്ത് അവിശ്വാസം പരാജയപ്പെട്ടു; ഷാജി മാത്യു പ്രസിഡന്റായി തുടരും
അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ ഷാജി മാത്യുവിനെതിരേ യു.ഡി.എഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. 13 അംഗങ്ങളുള്ള മാങ്കുളം പഞ്ചായത്തില്‍ യു.ഡി.എഫിലെ ഏഴ് അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തില്‍ ഒപ്പു വച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ 3-ാം വാര്‍ഡ് അംഗം ബിന്‍സി റോയി രാജി വച്ചതിനെത്തുടര്‍ന്ന് പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും ആറുവീതം അംഗങ്ങള്‍ എന്ന നില വന്നു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയ്ക്ക് ദേവികുളം ബി.ഡി.ഒ. മീരാന്കുഞ്ഞിന്റെ അധ്യക്ഷതയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നു. തുടര്‍ന്ന് പ്രമേയം വോട്ടിനിട്ട ശേഷം അവിശ്വാസം പരാജയപ്പെട്ടതായി ബി.ഡി.ഒ. അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നലെ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചിട്ടുണ്ട്.
മൂന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ് അംഗം രാജിവച്ച ഒഴിവിലേയ്ക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ഇനി യു.ഡി.എഫിന് പ്രതീക്ഷയുള്ളത്. പതിമൂന്ന് അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ഏഴ് അംഗങ്ങളുണ്ടായിരുന്ന യു.ഡി.എഫിലെ ഒരംഗം മാറി വോട്ട് ചെയ്തതു മൂലമാണ് ഇവിടെ സി.പി.എമ്മിലെ ഷാജി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാന്‍ സാഹചര്യം ഒരുക്കിയത്. 2011-ലെ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനു ഭൂരിപക്ഷമുണ്ടായിരുന്ന ഇവിടെ രണ്ടര വര്‍ഷത്തിനു ശേഷം കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ എല്‍.ഡി.എഫിനു ഭരണം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."