ഫാസിസത്തിനെതിരേ മൃദുസമീപനവുമായി വീണ്ടും കാന്തപുരം
തൃശൂര്‍: ഫാസിസത്തെക്കുറിച്ച് പ്രസംഗിച്ച സി.എന്‍ ജയദേവന്‍ എം.പിയെ തിരുത്തി കാന്തപുരം. കാന്തപുരം വിഭാഗം സംഘടിപ്പിക്കുന്ന ഉലമാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. സമ്മേളനത്തിന്റെ ഉദ്ഘാടകനായ തൃശൂര്‍ എം.പി സി.എന്‍ ജയദേവന്‍ ആര്‍.എസ്.എസിനെ പേരെടുത്ത് പറഞ്ഞാണ് ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരേ സംസാരിച്ചത്. മതവൈജാത്യങ്ങളുടെ സംഗമ ഭൂമിയായ രാജ്യത്ത് ആര്‍.എസ്.എസ് അനാവശ്യസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണെന്നും രാജ്യത്തിന് പുറത്ത് നിന്നുള്ള തീവ്രവാദ, ഭീകരവാദ ഭീഷണി പോലെ തന്നെ ആഭ്യന്തരസംഘര്‍ഷങ്ങളും രാജ്യത്തെ പിന്നോട്ടടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം പോലും തങ്ങള്‍ മാറ്റിയെഴുതുമെന്നാണ് ഭീഷണി. ഭൂരിപക്ഷമുള്ളതിനാല്‍ എന്തും ചെയ്യുമെന്ന് പ്രഖ്യാപിച്ച കേന്ദ്രമന്ത്രിമാര്‍ പോലുമുണ്ട്. ചെറുത്ത് നില്‍പ്പിന്റെ രാഷ്ട്രീയമാണ് ഇവിടെ വേണ്ടതെന്നുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ഇതിന് ശേഷം അധ്യക്ഷ പ്രസംഗം നടത്തിയപ്പോഴാണ് കാന്തപുരം ജയദേവന്റെ പരാമര്‍ശങ്ങള്‍ അനുചിതമായെന്നോണം സംസാരിച്ചത്. മറ്റൊരു പാര്‍ട്ടിയുടേയും ആശയം അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും മതേതരാജ്യമായി ഇന്ത്യ നിലക്കൊള്ളണമെന്നുമാണ് ഉദ്ഘാടകന്‍ പ്രസംഗത്തില്‍ ഉദേശിച്ചതെന്നാണ് താന്‍ മനസിലാക്കുന്നത്. വ്യത്യസ്ഥ രാഷ്ട്രീയ പാര്‍ട്ടികളുടേയും വിവിധ കക്ഷികളുടേയും നേതാക്കള്‍ ഇവിടെ പ്രസംഗിക്കാനുണ്ടെന്നും ഖണ്ഡന മണ്ഡന വേദിയല്ലെന്നും പറഞ്ഞാണ് കാന്തപുരം പ്രസംഗം തുടങ്ങിയത്. മൂന്ന് ദിവസം നടക്കുന്ന സമ്മേളനത്തില്‍ തീവ്രവാദം വിഷയമാക്കി ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഫാസിസത്തെ കുറിച്ച് ഒരക്ഷരം മിണ്ടാത്തതും ഫാസിസത്തെ കുറിച്ച് സംസാരിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്നതും സംഘ്പരിവാറിന്റെ കൈയടി നേടാനാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മോദിക്കെതിരേയും ഫാസിസത്തിനെതിരേയും സംസാരിക്കുന്നത് വിലക്കുന്ന കാന്തപുരത്തിന്റെ നിലപാട് മുന്‍പും ചര്‍ച്ചയായിട്ടുണ്ട്.
കോഴിക്കോട്ട് കാന്തപുരം സുന്നികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിശ്വഭദ്രാനന്ദ ശക്തിബോധി മോദിക്കെതിരേ സംസാരിച്ചപ്പോള്‍ കാന്തപുരം തിരുത്തിച്ചത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."