ലോക കേരളസഭ ഭക്ഷണ വിവാദം: പണം െേവണ്ടന്ന് രവി പിള്ള
തിരുവനന്തപുരം: രണ്ടാം ലോക കേരളസഭയുമായി ബന്ധപ്പെട്ട ഭക്ഷണ വിവാദത്തിന് പിന്നാലെ ഭക്ഷണത്തിനായി ചെലവായ അറുപത് ലക്ഷത്തോളം രൂപ വേണ്ടെന്ന് റാവിസ് ഗ്രൂപ്പ്. ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്നും സംഘാടകരോട് തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ ബി. രവി പിള്ള പറഞ്ഞു. ലോക കേരളസഭയില്‍ പങ്കെടുത്ത ഓരോ പ്രവാസിയും തന്റെ സഹോദരങ്ങളാണ്. സ്വന്തം കുടുംബത്തില്‍ വന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പണം ഈടാക്കുന്ന സംസ്‌കാരം തനിക്കില്ല. തുക ഈടാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ബില്‍ നല്‍കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. റാവിസ് ഗ്രൂപ്പ് ഈ വിവരം സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ജനുവരി ഒന്ന് മുതല്‍ മൂന്ന് വരെ തലസ്ഥാനത്ത് നടന്ന രണ്ടാമത് ലോക കേരളസഭയുടെ ഭക്ഷണത്തിന്റെയും താമസത്തിന്റെയും ചെലവുകളുടെ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ഈ ഇനത്തില്‍ മാത്രം ഒരു കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ഒരാള്‍ക്ക് ഒരു നേരത്തെ ഉച്ചഭക്ഷണത്തിന് 1900 രൂപയും നികുതിയും രാത്രി ഭക്ഷണത്തിന് 1700 രൂപയും നികുതിയും പ്രഭാത ഭക്ഷണത്തിന് 550 രൂപയും നികുതിയുമാണ് ചെലവായത്. ലോക കേരള സഭയുടെ നടത്തിപ്പ് ചെലവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമാണെന്ന് നേരത്തെ നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയും അഭിപ്രായപ്പെട്ടിരുന്നു. ഭക്ഷണ വിവാദം ഉണ്ടായതിന് പിന്നാലെ പ്രതികരണവുമായി സിനിമാ സംവിധായകന്‍ സോഹന്‍ റോയിയും രംഗത്തെത്തിയിരുന്നു. കഴിച്ച ഭക്ഷണത്തിന് ചെലവായ തുക തിരിച്ചടയ്ക്കാന്‍ തയാറാണെന്ന് പറഞ്ഞാണ് സോഹന്‍ റോയ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."