ബന്ദിപ്പൂരിലെ കാട്ടുതീ ഉറവിടം എവിടെ...?
പുല്‍പ്പള്ളി: കര്‍ണാടക വനത്തില്‍ അപ്രതീക്ഷിതമായുണ്ടായ കാട്ടുതീയുടെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. തീപടരാന്‍ യാതൊരു സാധ്യതയുമില്ലാത്ത സ്ഥലത്തു നിന്നും തീപടര്‍ന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നത്.
വനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മേഖലയില്‍ (കോര്‍ ഏര്യ) തീപിടിക്കാനുള്ള സാധ്യത തീരെയില്ലെന്നാണ് വനം വകുപ്പിന്റെ ഉറച്ച വിശ്വാസം. പുറമെ നിന്നുള്ള ഇടപെടലില്ലാതെ ഇത്തരത്തില്‍ തീപടരുകയില്ലെന്നും വനപാലകര്‍ പറയുന്നു.
മൈസൂര്‍ വനത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ആര്‍ക്കും ഇത്തരമൊരു സ്ഥലത്തെത്തി തീ ഇടുകയെന്നത് അസാധ്യമാണ്.
സാധാരണഗതിയില്‍ വനത്തിന്റെ അതിര്‍ത്തികളില്‍ നിന്നാണ് കാട്ടുതീ പടരുന്നത്. വന്യമൃഗശല്യം കുറയ്ക്കുന്നതിനായി വനാതിര്‍ത്തിയില്‍ താമസിക്കുന്നവരോ, വനംകൊള്ളക്കാരോ ആയിരിക്കും ഇത്തരം കാട്ടുതീക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ മൈസൂരു വനത്തിലെ ഇത്തവണത്തെ കാട്ടുതീ ഈ നിഗമനങ്ങളെല്ലാം അസ്ഥാനത്താക്കുന്നതാണ്. തീപിടുത്തമുണ്ടായ സ്ഥലത്തു നിന്നും ഏറ്റവുമടുത്ത ജനവാസമുള്ള ഗ്രാമത്തിലേക്ക് 15-20 കിലോമീററര്‍ ദൂരമുണ്ട്.
വന്യമൃഗങ്ങള്‍ സൈ്വര്യ വിഹാരം നടത്തുന്ന കോര്‍ ഏര്യയില്‍ എത്തുന്നത് സാധാരണക്കാര്‍ക്ക് കഴിയാത്തതാണ്. ഈ മേഖലയില്‍ വനം കൊള്ളക്കാരെ കണ്ടെത്താന്‍ സ്ഥാപിച്ച കാമറകള്‍ മുഴുവനും കത്തി നശിച്ചിട്ടുണ്ട്. ഇതും അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. രണ്ട് വിപ്ലവ പ്രസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് കര്‍ണാടക അധികൃതരുടെ അന്വേഷണം നീങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലാണ് കാട്ടുതീ വന്‍ നാശമുണ്ടാക്കിയത്. 21850 ഏക്കര്‍ വിസ്തൃതിയുള്ളതാണ് ബന്ദിപ്പൂര്‍ വനമേഖല.
ഇതില്‍ 40 ചതുരശ്ര കിലോമീറ്റര്‍ ദൂരത്തിലുള്ള വനമാണ് ഇത്തവണ കത്തി നശിച്ചത്. 2014 ലും ഇവിടെ വനം കത്തിനശിച്ചിരുന്നു. എന്നാല്‍ അന്ന് ഇത്രയധികം വനം കത്തിയിരുന്നില്ല. 2009, 2012-വര്‍ഷങ്ങളിലും ഇവിടെ കാട്ടുതീ പടര്‍ന്നിരുന്നെങ്കിലും നാശനഷ്ടം കുറവായിരുന്നു.
ബന്ദിപ്പൂര്‍ കടുവാസങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന വയനാട് വന്യജീവിസങ്കേതം (80000-ഏക്കര്‍), നാഗര്‍ഹോള ദേശീയോദ്യാനം (160750-ഏക്കര്‍), മുതുമല വന്യജീവി സങ്കേതം (81000-ഏക്കര്‍) എന്നിവയുടെ നിലനില്‍പ്പിനും ബന്ദിപ്പൂര്‍ വനമേഖലയിലെ കാട്ടുതീ വന്‍ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറേകാലങ്ങള്‍ കൊണ്ട് പെരുകിയ വന്യജീവി സമ്പത്താണ് കാട്ടുതീയില്‍ എരിഞ്ഞൊടുങ്ങിയത്. കാട്ടുതീയില്‍ ചെറിയ മരങ്ങള്‍ കത്തിപ്പോയെങ്കിലും തീപിടിച്ച വന്‍മരങ്ങള്‍ കര്‍ണാടക വനത്തിലെ ഉള്‍ക്കാട്ടില്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."