പച്ചക്കറികളിലെ കീടനാശിനി അവശിഷ്ടം നീക്കാന്‍ പാക്കേജുമായി കാര്‍ഷിക സര്‍വകലാശാല
തൃശൂര്‍: പച്ചക്കറികളിലെ കീടനാശിനി അവശിഷ്ടംനീക്കാന്‍ ഭക്ഷ്യസുരക്ഷാ പാക്കേജുമായി കാര്‍ഷിക സര്‍വകലാശാല. വെള്ളായണിയിലെ കീടനാശിനി അവശിഷ്ട പരിശോധനാ ശാലയില്‍ നാലു വര്‍ഷമായി നടത്തുന്ന ഗവേഷണങ്ങളുടെ വെളിച്ചത്തിലാണ് പുതിയ പാക്കേജെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞു. അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളായ വിനാഗിരി, വാളന്‍പുളി, കറിയുപ്പ്, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങ തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ലായനികള്‍ അന്യസംസ്ഥാന പച്ചക്കറികളില്‍ കാണപ്പെടുന്ന കീടനാശിനി അവശിഷ്ടം ഏറെക്കുറെ മാറ്റാന്‍ ഉപയുക്തമാണെന്നാണ് പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. 40 മുതല്‍ 60 ശതമാനം വരെ കീടനാശിനി അവശിഷ്ടം ഈ മാര്‍ഗത്തിലൂടെ നീക്കാം. അതേസമയം കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച വെജ്ജി വാഷ് ഉപയോഗിച്ചാല്‍ 50 മുതല്‍ 99 ശതമാനം വരെ അവശിഷ്ടം നീക്കം ചെയ്യാനാകും.
പതിവായി കീടനാശിനി അവശിഷ്ടം കാണപ്പെടുന്ന പച്ചക്കറികളുടെ കൂട്ടത്തില്‍ പുതിനയിലയാണ് മുന്നിലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുതിനയിലയുടെ 62 ശതമാനം സാമ്പിളുകളിലും കീടനാശിനിയുടെ അവശിഷ്ടം കണ്ടെത്തി. പയര്‍ (45 ശതമാനം), മഞ്ഞ കാപ്‌സിക്കം (42 ശതമാനം), മല്ലിയില (28 ശതമാനം), ചുവന്ന കാപ്‌സിക്കം (25 ശതമാനം), ബജിമുളക് (20 ശതമാനം), ബീറ്റ്‌റൂട്ട് (18 ശതമാനം), കാബേജ് (18 ശതമാനം), കറിവേപ്പില (17 ശതമാനം), കോളിഫഌവര്‍ (16 ശതമാനം), പച്ചമുളക് (16 ശതമാനം) എന്നിങ്ങനെ മുപ്പതിലധികം പച്ചകറികളില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കുമ്പളം, മത്തങ്ങ, ഉരുളക്കിഴങ്ങ്, സവാള, ലാറ്റകസ്, ചതുരപയര്‍, ചേന, കാച്ചില്‍, പീച്ചിങ്ങ, ബ്രോക്കോളി തുടങ്ങിയ 26 ഇനങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് കണ്ടെത്തി.
കറിവേപ്പിലയും പുതിനയിലയും ഉപയോഗത്തിനു തൊട്ടു മുന്‍പ് വിനാഗിരി ലായനിയിലോ (10 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍), വാളന്‍പുളി ലായനിയിലോ (10 ഗ്രാം വാളന്‍ പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ്, അല്ലെങ്കില്‍ പാക്കറ്റില്‍ കിട്ടുന്ന റ്റാമറിന്റ് പേസ്റ്റ് രണ്ടു ടേബിള്‍ സ്പൂണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍) അരിച്ച ലായനിയില്‍ പത്തു മിനിറ്റ് മുക്കിവച്ച ശേഷം വെള്ളത്തില്‍ രണ്ടു തവണ കഴുകിയാല്‍ 40 മുതല്‍ 75 ശതമാനംവരെ വിഷാംശം നീക്കം ചെയ്യാം. വെള്ളം വാര്‍ന്ന്‌പോകാന്‍ സുഷിരങ്ങളുള്ള പാത്രത്തില്‍ വച്ച ശേഷം ഉപയോഗിക്കണം. ഈ ലായനികള്‍ക്കു പകരം കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച സാങ്കേതിക വിദ്യയിലൂടെ നിര്‍മിച്ച ഏതെങ്കിലും ബ്രാന്‍ഡ് വെജ്ജി വാഷ് ലായനിയുടെ 10 മില്ലി (ഒരു അടപ്പ്) ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് കറിവേപ്പിലയും പുതിനയിലയും 10 മിനിറ്റ് മുക്കിവച്ച ശേഷം വെള്ളത്തില്‍ രണ്ടു തവണ കഴുകിയാല്‍ 44 മുതല്‍ 82 ശതമാനംവരെ കീടനാശിനി വിഷാംശം നീക്കം ചെയ്യാം. മല്ലിത്തണ്ടിന്റെ ചുവടുഭാഗം വേരോടെ മുറിച്ചു കളഞ്ഞശേഷം ഉപയോഗത്തിനു തൊട്ടു മുന്‍പ് വിനാഗിരി ലായനിയിലോ ഉപ്പു ലായനിയിലോ (10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) പത്തു മിനിറ്റ് മുക്കിവച്ച ശേഷം വെള്ളത്തില്‍ രണ്ടു തവണ കഴുകിയാല്‍ 55 മുതല്‍ 70 ശതമാനം വരെ വിഷാംശം നീക്കം ചെയ്യാം. ചീരത്തണ്ടിന് വിനാഗിരി ലായനിയോ വാളന്‍പുളി ലായനിയോ ഉപയോഗിക്കാം. വെജ്ജി വാഷ് ലായനി ഉപയോഗിച്ചാല്‍ 81 ശതമാനം വരെ കീടനാശിനി വിഷാംശം നീക്കം ചെയ്യാം.
പച്ചമുളക്, സാമ്പാര്‍ മുളക്, കാപ്‌സിക്കം തുടങ്ങിയ ഇനങ്ങള്‍ വിനാഗിരി ലായനിയിലോ വാളന്‍പുളി ലായനിയിലോ പത്തു മിനിറ്റ് മുക്കി രണ്ടു തവണ കഴുകിയാല്‍ 40 മുതല്‍ 80 ശതമാനം വരെ വിഷാംശം മാറ്റാം. വഴുതന, സലാഡ് വെള്ളരി, തക്കാളി, ബീന്‍സ് അമര, നെല്ലിക്ക, കോവക്ക എന്നിവക്കും ഈ രീതി അവലംബിക്കാം. വെജ്ജി വാഷ് ലായനി ഉപയോഗിച്ചാല്‍ 61 മുതല്‍ 100 ശതമാനം വിഷാംശം നീക്കം ചെയ്യാം. പാവക്ക, വെണ്ടക്ക തുടങ്ങിയവ സ്‌ക്രബ് പാഡ് ഉപയോഗിച്ച് മൃദുവായി ഉരസി ടാപ്പ് വെള്ളത്തില്‍ രണ്ടു തവണ കഴുകുക. വിനാഗിരി ലായനിയിലോ വാളന്‍പുളി ലായനിയിലോ പത്തു മിനിറ്റ് മുക്കിവച്ച ശേഷം വെള്ളത്തില്‍ പല ആവര്‍ത്തി കഴുകിയാല്‍ 35 മുതല്‍ 60 ശതമാനം വരെ വിഷാംശം മാറ്റാം. വെജ്ജി വാഷ് ലായനിയില്‍ 10 മിനിറ്റ് മുക്കിവച്ച ശേഷം വെള്ളത്തില്‍ രണ്ടു തവണ കഴുകി വെള്ളം വാര്‍ത്ത് കളഞ്ഞിട്ട് ടിഷ്യൂ പേപ്പറിലോ ഇഴയകന്ന കോട്ടണ്‍ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് കണ്ടയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. കോളിഫഌവറിന്റെ അടിയിലെ ഇലയും തണ്ടും വേര്‍പെടുത്തി ഇതളുകള്‍ അടര്‍ത്തിയെടുത്ത് ലായനിയിലോ ഉപ്പ് ലായനിയിലോ മുക്കിവച്ച ശേഷം രണ്ടു തവണ കഴുകിയെടുത്താല്‍ 35 മുതല്‍ 60 വരെ ശതമാനം വിഷാംശം കളയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."