റഷ്യന്‍ കടലിടുക്കില്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന കപ്പലുകളില്‍ തീപിടിച്ചു; 14 മരണം
മോസ്‌കോ: റഷ്യക്ക് സമീപം ക്രീമിയയിലെ കെര്‍ഷ് സ്‌ട്രൈറ്റ് കടലിടുക്കില്‍ ഇന്ത്യ, തുര്‍ക്കി, ലിബിയ എന്നീ രാജ്യങ്ങളിലെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന രണ്ട് കപ്പലുകള്‍ക്ക് തീപിടിച്ച് 14 പേര്‍ മരിച്ചു. ടാന്‍സാനിയന്‍ കപ്പലുകളായ കാന്‍ഡി, മാസ്‌ട്രോ എന്നീ കപ്പലുകള്‍ക്കാണ് തീപിടിച്ചത്. കൊല്ലപ്പെട്ടത് ഏതു രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.
ഒരു കപ്പലില്‍ പ്രകൃതി വാതകവും അടുത്തതില്‍ ഇന്ധനവുമായിരുന്നു ഉണ്ടായിരുന്നത്. ഇന്ധനം നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം.
കാന്‍ഡി കപ്പലില്‍ ഒന്‍പത് തുര്‍ക്കി പൗരന്മാരും എട്ട് ഇന്ത്യക്കാരുമാണുണ്ടായിരുന്നത്.
മാസ്‌ട്രോയില്‍ ഏഴു വീതം തുര്‍ക്കിക്കാരും ഇന്ത്യക്കാരും ഒരു ലിബിയന്‍ പൗരനുമാണുണ്ടായിരുന്നതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടെന്ന വിവരം മാത്രമാണ് ലഭിച്ചതെന്നും അപകട കാരണം സംബന്ധിച്ച് അറിയില്ലെന്നും ക്രീമിയ തലവന്‍ സെര്‍ജി അക്‌സീനോവ പറഞ്ഞു.
കപ്പലിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇതുവരെ ആശുപത്രികളില്‍ എത്തിയിട്ടില്ല. കെര്‍ഷിലെ ആശുപത്രികള്‍ അവര്‍ക്ക് ചികിത്സ നല്‍കാന്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ രാജ്യമേതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 12 പേരെ രക്ഷിച്ചെന്നും ആറ് പേരെ കാണാനില്ലെന്നുമാണ് വിവരം.
ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ആദ്യം ഒരു കപ്പലിനാണ് തീപിടിച്ചതെന്നും ഇത് പിന്നീട് അടുത്ത കപ്പലിലേക്ക് വ്യാപിക്കുകയായിരുന്നെന്ന് റഷ്യന്‍ സമുദ്ര ഏജന്‍സി വക്താവ് പറഞ്ഞു.
തീപിടിത്തത്തെ തുടര്‍ന്ന് ചിലര്‍ കപ്പലില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. തീപിടിത്തത്തില്‍പ്പെട്ടവര്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും തീ അണയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മോശം കാലാവസ്ഥ രക്ഷപ്പെട്ടവരെ തീരത്തേക്ക് എത്തിക്കുന്നതിന് തടസമാകുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി മോസ്‌കോ എംബസി, റഷ്യന്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. റഷ്യക്കും ഉക്രൈനും നയതന്ത്ര പ്രാധാന്യമുള്ള പ്രദേശമാണ് കെര്‍ഷ് സ്‌ട്രൈറ്റ് കടലിടുക്ക്. 2014ല്‍ റഷ്യ ഉക്രൈനില്‍നിന്ന് കൂട്ടിച്ചേര്‍ത്ത ക്രീമിയയുമായി അടുത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."