നെടുങ്കണ്ടം കസ്റ്റഡി മരണം പ്രതികളായ പൊലിസുകാരെ വിട്ടയക്കണമെന്ന് ഹൈക്കോടതി
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതികളായ പൊലിസുകാരെ എത്രയും പെട്ടെന്ന് വിട്ടയയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബി.സുധീന്ദ്രകുമാറിന്റേതാണ് ഉത്തരവ്.
മുമ്പ് പ്രതികള്‍ക്കനുവദിച്ച ജാമ്യഉത്തരവ് സി.ബി.ഐ. മേല്‍കോടതികളില്‍ ഒരിടത്തും ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ അന്യായമായാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികളെ അറസ്റ്റ് ചെയ്ത സി.ബി.ഐ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
പ്രതികളുടെ അറസ്റ്റ് പ്രാഥമികമായി നിയമപരമല്ല. പ്രതികളെ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റിന്റെ നടപടിയും നിയമപരമല്ല, ശരിയുമല്ല. പ്രതികള്‍ നിയമപരമല്ലാത്ത കസ്റ്റഡിയിലാണെന്ന് കോടതി വിലയിരുത്തി. അതു നീതീകരിക്കാനാവില്ല. അനീതിക്കെതിരേ വെറുമൊരു കാഴ്ച്ചക്കാരനായി കോടതിക്ക് നില്‍ക്കാനാവില്ല. അതുകൊണ്ട് കേസ് പരിഗണിക്കുന്ന അടുത്ത ദിവസം വരെ പ്രതികളെ ഇടക്കാല ജാമ്യത്തില്‍ വിടുന്നുവെന്നും കോടതി ഉത്തരവിട്ടു.
പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടി അധികാരപരിധിയില്‍ ഇല്ലാത്തതാണ്. ഒരിക്കല്‍ ജാമ്യം അനുവദിച്ച കോടതിയോ മേല്‍കോടതിയോ ജാമ്യം റദ്ദാക്കിയെങ്കില്‍ മാത്രമേ പ്രതികളെ വീണ്ടും റിമാന്‍ഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
കഴിഞ്ഞ ദിവസം സി.ബി.ഐ. അറസ്റ്റു ചെയ്ത കേസിലെ പ്രതികളായ നെടുങ്കണ്ടം സ്‌റ്റേഷനിലെ എ.എസ്.ഐ ഇടുക്കി ഉടുമ്പന്‍ചോല കരുണാപുരം നവമി വീട്ടില്‍ സി.ബി.റജിമോന്‍ (48), സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഉടുമ്പന്‍ചോല കാല്‍കൂന്തല്‍ പുത്തന്‍വീട്ടില്‍ എസ്.നിയാസ് (33), നെടുങ്കണ്ടം മഞ്ഞപ്പെട്ടി മുളങ്കശേരി വീട്ടില്‍ സജീവ് ആന്റണി (42), ഹോം ഗാര്‍ഡ് ഉടുമ്പന്‍ചോല ചോറ്റുപാറ കൊക്കല്‍ വീട്ടില്‍ കെ.എം.ജയിംസ് (52), സിവില്‍ പൊലിസ് ഓഫിസര്‍ തൊടുപുഴ ആലക്കോട് കുന്നേല്‍ വീട്ടില്‍ ജിതിന്‍ കെ.ജോര്‍ജ് (31), അസി.സബ് ഇന്‍സ്‌പെക്ടര്‍ ഇടുക്കി കൊത്തടി മുനിയറ ഇഴുമലയില്‍ വീട്ടില്‍ റോയ് പി.വര്‍ഗീസ് (54) എന്നിവരെ എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്.
പ്രതികള്‍ക്ക് അനുവദിച്ച ജാമ്യഉത്തരവ് മേല്‍കോടതികളില്‍ ചോദ്യം ചെയ്യാതെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നു കോടതി കണ്ടെത്തി. പ്രതികളെ അന്യായമായി അറസ്റ്റ് ചെയ്ത നടപടി ശരിയല്ലെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് 40,000 രൂപയ്ക്ക് തുല്യമായ രണ്ടുപേരുടെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."