വ്യാജ വാട്‌സ്ആപ് സന്ദേശങ്ങള്‍; പങ്കുവയ്ക്കുന്നതിന് മുന്‍പേ ശ്രദ്ധിക്കണമെന്ന് പൊലിസ്
കൊടുങ്ങല്ലൂര്‍: വ്യാജവും അടിസ്ഥാനമില്ലാത്തതുമായ വാട്‌സ് ആപ് സന്ദേശങ്ങള്‍ വീണ്ടുവിചാരമില്ലാതെ പങ്കുവയ്ക്കപ്പെടുന്നത് വഴിയുണ്ടാകുന്ന ഗുരുതരമായ പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞു തരികയാണ് പൊലിസ്. മെസേജുകള്‍ ഫോര്‍വേഡ് ചെയ്താല്‍ വാട്‌സ് ആപ് കമ്പനി പണം നല്‍കുമെന്നും ഓണ്‍ലൈന്‍ ട്രേഡിങ്ങ് കമ്പനികളുടെ ധാരാളം ഓഫറുകളും സമ്മാനങ്ങളും ലഭിക്കുമെന്നുമുള്ള സന്ദേശങ്ങളും പൊലിസ് അറിയിപ്പെന്ന തരത്തില്‍ ആധികാരികമല്ലാത്ത സന്ദേശങ്ങളുമൊക്കെ പ്രചരിപ്പിക്കപ്പെടുന്നത് വ്യാപകമായ സാഹചര്യത്തിലാണ് പൊലിസിന്റെ ഇടപെടല്‍. കുട്ടികളെ കാണാതായി, രോഗിക്ക് രക്തം ആവശ്യമുണ്ട് തുടങ്ങിയ സന്ദേശങ്ങള്‍ കുട്ടിയെ കണ്ടുകിട്ടിയതിന് ശേഷവും രോഗി സുഖം പ്രാപിച്ചതിനുശേഷവും പങ്കുവയ്ക്കപ്പെട്ടുകൊണ്ടിരിക്കും എന്നതാണ് രസകരം. ലഭിക്കുന്ന മെസേജുകള്‍ ഫോര്‍വേഡ് ചെയ്തവ ആണെങ്കില്‍ ആയതിലെ വസ്തുതകള്‍ സൂഷ്മതയോടെ പരിശോധിക്കുകയും യുക്തിപൂര്‍വം വിലയിരുത്തുകയും ചെയ്തതിന് ശേഷം മാത്രം ഫോര്‍വേഡ് ചെയ്യുക എന്നതാണ് പൊലിസ് നല്‍കുന്ന ഉപദേശം.
പൊലിസിന്റെ അറിയിപ്പ് എന്ന പേരില്‍ ലഭിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കി മാത്രം ഫോര്‍വേഡ് ചെയ്യുക. സംശയം തോന്നുന്ന സന്ദേശങ്ങളുടെ വാസ്തവമറിയാന്‍ പൊലിസിന്റെ ഫേസ്ബുക്ക് പേജിലെ മെസേജ് സംവിധാനം പ്രയോജനപ്പെടുത്താമെന്നും പൊലിസ് അറിയിക്കുന്നു. പ്രകോപനപരമായും വര്‍ഗീയതയും തമ്മിലടിപ്പിക്കാനും മറ്റും വാട്ട്‌സ്ആപ് ഉപയോഗിക്കുന്നവരെ ബ്ലോക്ക് ചെയ്യുക. അത്തരം ഗ്രൂപ്പുകളില്‍ നിന്നും പുറത്തുപോരുക. ഏതെങ്കിലും മെസേജ് വായിച്ച് ദേഷ്യം, ഭീതി തുടങ്ങിയ വികാരങ്ങള്‍ തോന്നുന്നുവെങ്കില്‍ അത്തരം സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാതിരിക്കുക. കബളിപ്പിക്കുന്ന സന്ദേശങ്ങളില്‍ അല്ലെങ്കില്‍ വ്യാജവാര്‍ത്തകളില്‍ അക്ഷരപ്പിശക് ഉണ്ടാകാനിടയുണ്ട്. ഇത്തരം സൂചനകള്‍ വിവരങ്ങള്‍ കൃത്യമാണോ എന്ന് വിലയിരുത്തുന്നതിന് സഹായകരമാകും. ഒറ്റനോട്ടത്തില്‍ പ്രശസ്തമായ ഏതെങ്കിലും ഒരു വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് ആണെന്ന് തോന്നാമെങ്കിലും അതില്‍ അക്ഷരപിശകോ അസ്വഭാവികമായ പ്രതീകങ്ങളോ ഉണ്ടെങ്കില്‍ അതില്‍ എന്തോ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കരുതാം.
നമുക്ക് ലഭിക്കുന്ന വിവരങ്ങളുടെ ഉറവിടം സത്യമാണോ എന്ന സംശയം ഉണ്ടെങ്കില്‍ , അധികാരികമല്ല എന്ന് തോന്നുന്നെങ്കില്‍ അവ ഫോര്‍വേഡ് ചെയ്യാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പൊലിസ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."