തര്‍ക്കം പരിഹരിക്കാന്‍ അറ്റോര്‍ണി ജനറലിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച
ന്യൂഡല്‍ഹി: ശബരിമലയിലെ തിരുവാഭരണവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബത്തിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ സുപ്രിംകോടതിയിലെ ചേംമ്പറില്‍ ചര്‍ച്ച. അറ്റോര്‍ണി ജനറല്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ രാജ കുടുംബത്തിലെ ഇരുവിഭാഗങ്ങളുടെയും അഭിഭാഷകര്‍ക്കുപുറമെ സംസ്ഥാന സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും അഭിഭാഷകരും പങ്കെടുത്തു.
പന്തളം കൊട്ടാരം നിര്‍വാഹക സംഘത്തിന്റെ നിലവിലെ പ്രസിഡന്റ് പി. ജി ശശികുമാര വര്‍മ്മ, സെക്രട്ടറി നാരായണ വര്‍മ്മ, ട്രഷറര്‍ ദീപ വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണം വലിയ കോയിക്കല്‍ വിഭാഗത്തിന്റെ അധീനതയിലാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് രാജ കുടുംബത്തിലെ 12 പേരാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് രാജകുടുംബത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ അറ്റോര്‍ണി ജനറലിനോട് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു.
അഭിഭാഷകനെ മാറ്റുന്നതിനായി പന്തളം കുടുംബത്തിലെ പി. രാമവര്‍മ രാജ നല്‍കിയ രേഖയിലെ ഒപ്പ് അദ്ദേഹത്തിന്റേത് തന്നെയാണോയെന്ന് പത്തനംതിട്ട ജില്ലാ ജഡ്ജി 25ന് പരിശോധിക്കും. തിരുവാഭരണത്തിന്റെ കണക്ക് എടുക്കുന്നതിനായി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ 28ന് കൊട്ടാരം സന്ദര്‍ശിക്കും. ഇരുവരുടെയും റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറും. പന്തളം കൊട്ടാര നിര്‍വാഹക സംഘത്തിന്റെ ജനറല്‍ബോഡി യോഗത്തിനുശേഷവും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ അറ്റോര്‍ണി ജനറല്‍ ഡല്‍ഹിയില്‍ വീണ്ടും യോഗം വിളിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."