ചോദ്യം പുതുക്കുന്നു മാല്‍ക്കം എക്‌സിനെ കൊന്നതാര്?
മാല്‍ക്കം എക്‌സിന്റെ ദുരൂഹ മരണത്തിന് പിന്നിലെ താത്പര്യങ്ങളെന്തായിരുന്നുവെന്നതിനെ സംബന്ധിച്ച് പലവിധത്തിലുള്ള പ്രചാരണങ്ങള്‍ നിലനിന്നിരുന്നു. മാല്‍ക്കമിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുകയും എന്നാല്‍ അവസാന കാലത്ത് തെറ്റിപ്പിരിയുകയും ചെയ്ത നാഷന്‍ ഓഫ് ഇസ്‌ലാം എന്ന ബ്ലാക് ദേശീയവാദ സംഘടനയാണ് ഇതിന് പിന്നില്‍ എന്ന് അന്വേഷണ ഉദ്യോഗസ്ഥരും സാമാന്യ ജനങ്ങളും പൊതുവെ വിശ്വസിച്ചു, അല്ലെങ്കില്‍ അങ്ങനെ വിശ്വസിപ്പിക്കപ്പെട്ടു. മാല്‍ക്കം എക്‌സിന് വെടിയേറ്റ വേദിയില്‍ വച്ച് തന്നെ തോമസ് ഹാഗന്‍ എന്നും റ്റാല്‍മെഡ്ജ് ഹയെര്‍ എന്നും മുജാഹിദ് അബ്ദുല്‍ ഹലീം എന്ന പേരിലുമൊക്കെ അറിയപ്പെട്ട കൊലപാതകിയെ ആളുകള്‍ പിടികൂടിയിരുന്നു. പിന്നീട് നേഷന്‍ ഓഫ് ഇസ്‌ലാമുമായി ബന്ധമുള്ള അബ്ദുല്‍ അസീസ്, ഖലീല്‍ ഇസ്‌ലാം എന്ന രണ്ട് പേരെ കൂടി കൂട്ടുപ്രതികളായി മാന്‍ഹാട്ടന്‍ പൊലിസ് അറസ്റ്റും ചെയ്തിരുന്നു.
പുതിയ ചോദ്യങ്ങള്‍
എന്നാല്‍, ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് നെറ്റ്ഫ്‌ലിക്‌സ് സംപ്രേക്ഷണം ചെയ്ത 'ഹു കില്‍ഡ് മാല്‍ക്കം എക്‌സ്' എന്ന ആറു ഭാഗങ്ങള്‍ വരുന്ന ഡോക്യുമെന്ററി സീരീസ് മാല്‍ക്കം എക്‌സിന്റെ കൊലയ്ക്കു പിന്നിലെ മറ്റൊരു കഥ തേടി പോവുകയാണ്. മാല്‍ക്കമിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയിലെ ആക്റ്റിവിസ്റ്റായ മുഹമ്മദ് അബ്ദുറഹ്മാന്‍ കാലങ്ങളെടുത്ത് നടത്തിയ അന്വേഷണത്തിലൂടെയാണ് ഡോക്യുമെന്ററി സഞ്ചരിക്കുന്നത്. മാല്‍ക്കമിന്റെ കൊലപാതകികളെന്ന പേരില്‍ ആരോപിതരായ അസീസും ഖലീലും എന്തുകൊണ്ട് കുറ്റവാളികളല്ലെന്നും നേഷന്‍ ഓഫ് ഇസ്‌ലാമിനെ മാത്രം ഇതിന് പിന്നില്‍ സംശയിക്കുന്നതിലെ സാംഗത്യക്കുറവിനെ കുറിച്ചുമൊക്കെ അന്വേഷിക്കുകയാണ് ഡോക്യുമെന്ററി. അമേരിക്കന്‍ അന്വേഷണ വിഭാഗമായ എഫ്.ബി.ഐ മാല്‍ക്കമിനെ എത്രമാത്രം ഭയന്നിരുന്നുവെന്നും കൊലപാതകത്തിന് പിന്നില്‍ എഫ്.ബി.ഐയുടെ കൈകളുണ്ടാവുന്നതിലെ സാധ്യതയെ പറ്റിയും അബ്ദുറഹ്മാന്‍ ആലോചിക്കുന്നുണ്ട്. ഡോക്യുമെന്ററി നടത്തിയ ആരോപണങ്ങളുടെ പശ്ചാതലത്തില്‍ മാല്‍ക്കം എക്‌സ് വധം പുന:പരിശോധന നടത്തുമെന്ന് മാന്‍ഹാട്ടന്‍ പൊലിസ് തൊട്ടടുത്ത ദിവസം തന്നെ പ്രഖ്യാപനം നടത്തിയിരുന്നു.
മാല്‍ക്കം ഇസ്‌ലാമാവുന്നത്
അമേരിക്കയിലെ നെബ്രാസ്‌ക്കന്‍ സ്റ്റേറ്റില്‍ കറുത്തവര്‍ഗക്കാര്‍ക്കിടയില്‍ ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു മാല്‍ക്കം എക്‌സ് ജനിച്ചത്. അക്കാലത്ത് അമേരിക്കയില്‍ ഒരു കറുത്ത വര്‍ഗക്കാരനേല്‍ക്കാവുന്ന പീഡനങ്ങളിലൂടെയും ദുരവസ്ഥകളിലൂടെയും ജീവിച്ചായിരുന്നു മാല്‍ക്കം വളര്‍ന്നത്. ഒരു കാരണവുമില്ലാതെ പിതാവ് വാഹനമിടിച്ച് കൊല്ലപ്പെടുകയും (വെളുത്ത വംശീയവാദികള്‍ കൊന്നതായിരുന്നുവെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്) മാതാവ് ഭ്രാന്തിയാണെന്ന് ആരോപിതയായി മാനസികാശുപത്രിയിലടക്കപ്പെടുകയും ചെയ്തതോടെ മാല്‍ക്കമിന്റെ ജീവിതം വഴിമുട്ടി. പഠനത്തില്‍ മിടുക്കനായിട്ടു കൂടി നിനക്ക് അഭിഭാഷകനല്ല, ആശാരിയാവാനാണ് സാധിക്കുക എന്ന് പറഞ്ഞ് ഒരു അധ്യാപിക സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയതതോടെ കളവും മയക്കുമരുന്ന് കടത്തും പിടിച്ചുപറികളുമായി ജീവിതവഴി കണ്ടെത്തുകയായിരുന്നു അദ്ദേഹം. 1946 മുതല്‍ പത്തോളം വര്‍ഷം കളവു പിടിക്കപ്പെട്ട് ജയില്‍വാസം അനുഭവിക്കുന്ന കാലത്താണ് അമേരിക്കയിലെ ബ്ലാക്ക് ദേശീയവാദ പ്രസ്ഥാനമായ നേഷന്‍ ഓഫ് ഇസ്‌ലാമില്‍ ചേരുന്നതും എലിജാ മുഹമ്മദുമായി പരിചയപ്പെടുന്നതും. ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ ഇരുളുനിറഞ്ഞ മാല്‍ക്കമിന്റെ ജീവിതത്തിന് ലക്ഷ്യബോധം നല്‍കി. എലിജായും നേഷന്‍ ഓഫ് ഇസ്‌ലാമും മാല്‍ക്കം എക്‌സിനെ പരിവര്‍ത്തിപ്പിക്കുകായിരുന്നു. അതിന് ശേഷം ജയിലിലെ പുസ്തകശാലയില്‍ നിന്ന് പുസ്തകങ്ങള്‍ വായിക്കുന്നതില്‍ മാല്‍ക്കം ആനന്ദം കണ്ടെത്തി. രാത്രി ഏറെ നേരം ജയില്‍ മുറിയിലെ ചെറിയ വിടവിലൂടെ വരുന്ന അരണ്ട വെളിച്ചത്തിലും താന്‍ പുസ്തകം വായിച്ചിരുന്നുവെന്ന് മാല്‍ക്കം എഴുതിയിട്ടുണ്ട്.
എഫ്.ബി.ഐയുടെ
പേടിസ്വപ്നമാകുന്നു
ജയില്‍ മോചിതനായ അദ്ദേഹം കറുത്ത വര്‍ഗക്കാരനുഭവിക്കുന്ന ദുരവസ്ഥകളില്‍ നിന്ന് വിമോചനം സാധ്യമാക്കാനായി നേഷന്‍ ഓഫ് ഇസ്‌ലാമിലൂടെ സജീവ വിപ്ലവങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. മാല്‍ക്കമിന്റെ പ്രഭാഷണങ്ങള്‍ അമേരിക്കയിലെ കറുത്തവര്‍ക്കിടയില്‍ നേഷന്‍ ഓഫ് ഇസ്‌ലാമിന് ആഴത്തിലുള്ള സ്വാധീനം നേടിക്കൊടുത്തു. അഹിംസയോടെയും സ്‌നേഹത്തോടെയും കറുത്തവര്‍ക്ക് വേണ്ടി സമരംചെയ്യുന്ന മാര്‍ട്ടിന്‍ ലൂഥറിന്റെ രീതിയെ മാല്‍ക്കം വിമര്‍ശിക്കുകയും ഇത്രയും കാലം വെളുത്തവര്‍ നമ്മെ അടിമകളാക്കിയെങ്കില്‍ ഇനിയും അവരുടെ സഹകരണത്തിന് വേണ്ടി കൈ നീട്ടുകയല്ല, പോരാട്ടത്തിലൂടെ കറുത്തവന്റെ ശക്തിബലം കാണിച്ച് കൊടുത്ത് അവരെ അംഗീകരിപ്പിക്കുകയാണ് വേണ്ടതെന്നായിരുന്നു മാല്‍ക്കമിന്റെ നിലപാടുകള്‍. അമേരിക്കയിലെ വംശീയതയുടെ മൂലഹേതു വിദ്യാഭ്യാസമില്ലായ്മയും അസൂയയുമാണെന്നാണ് ഒരഭിമുഖത്തിലദ്ദേഹം പറഞ്ഞത്. അന്നത്തെ അമേരിക്കയുടെ വംശീയ പിന്നാമ്പുറത്തില്‍ ഭരണകൂടത്തെയോ അധികാര വര്‍ഗത്തെയോ ഭയപ്പെടാതെ അദ്ദേഹം നടത്തിയ മുന്നേറ്റങ്ങള്‍ മാല്‍ക്കം എക്‌സിനെ എഫ്.ബി.ഐയുടെ പേടിയാക്കിത്തീര്‍ത്തു. അദ്ദേഹത്തെ നിരീക്ഷണ പട്ടികയില്‍ വരെ ഉള്‍പ്പെടുത്തി.
ആശയം മാറുന്നു
ഇസ്‌ലാമിലെ മാനുഷിക മൂല്യങ്ങളിലും വിമോചനാശയങ്ങളിലും ആകൃഷ്ടനായ അദ്ദേഹം ഇസ്‌ലാം ആശ്ലേഷിക്കുകയും ആഫ്രിക്കന്‍ മിഡിലീസ്റ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും 1964ല്‍ വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുകയും ചെയ്തു. അതിന് ശേഷം അല്‍ ഹാജ് മാലിക് ഷബാസ് എന്ന പേര് സ്വീകരിച്ചു. ഹജ്ജ് കഴിഞ്ഞ് തിരിച്ച് വന്ന അദ്ദേഹത്തിന്റെ ഇസ്‌ലാമിനെ കുറിച്ചുള്ള സമീപനങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരികയും നേഷന്‍ ഓഫ് ഇസ്‌ലാമിന്റെ തീവ്ര നിലപാടുകളോട് വിയോജിക്കുകയും ചെയ്തു. 1964 നവംബറില്‍ ഔദ്യോഗികമായി നേഷനില്‍ നിന്നു പിന്‍വാങ്ങുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. ബ്ലാക് ദേശീയതാ ബോധത്തെ കൂടുതല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് വിശ്വസിച്ച മാല്‍ക്കം മുസ്‌ലിം മോസ്‌ക് ഇന്‍ക്, ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രോ അമേരിക്കന്‍ യൂനിറ്റി എന്നിങ്ങനെ രണ്ടു സംഘടനകള്‍ രൂപീകരിച്ചു.
നഷ്ടപ്പെട്ട സ്വപ്നങ്ങള്‍
1965, ഫെബ്രുവരിയില്‍ തന്റെ 39-ാം വയസില്‍ മാല്‍ക്കം എക്‌സ് കൊല്ലപ്പെട്ടപ്പോള്‍ അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ വലിയൊരു രാഷ്ട്രീയ വിപ്ലവത്തെ സ്വപ്നം കണ്ട ദര്‍ശനങ്ങള്‍ കൂടി നഷ്ടപ്പെടുത്താന്‍ അതിന് പിന്നിലെ ശക്തികള്‍ക്ക് സാധിച്ചു. അമേരിക്കയിലെ മുഴുവന്‍ കറുത്തവരുടെ വിമോചന പോരാട്ടങ്ങളെയും ബ്ലാക് ദേശീയതയുടെ കീഴില്‍ ഒന്നിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ അവസാനകാല താത്പര്യങ്ങള്‍. മാല്‍ക്കമിന്റെ ജീവിതത്തിലൂടെയും പോരാട്ടങ്ങളിലൂടെയും നിലപാടുകളിലൂടെയും അന്നത്തെ അമേരിക്കയിലെ മാല്‍ക്കമിന്റെ പ്രസക്തിയെ കുറിച്ചും ഡോക്യുമെന്ററി വിശദമായി അന്വേഷിക്കുന്നുണ്ട്.
കൊലപാതകികളെ പിടികൂടിയ ശേഷം പൊലിസിന്റെ ഭാഗത്ത് നിന്ന് കാര്യമായ തുടരന്വേഷണങ്ങളൊന്നുമുണ്ടായില്ല എന്ന് നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി കുറ്റപ്പെടുത്തുന്നു. 1966ല്‍ തോമസ് ഹാഗന്‍ ഞാനന്ന് അവിടെ ഉണ്ടായിരുന്നുവെന്നും ഞാനാണ് വെടിവച്ചതെന്നും എന്റെ കൂടെയുള്ള രണ്ടു കുറ്റവാളികള്‍ക്കിതില്‍ ഒരു പങ്കുമില്ലെന്നും ന്യൂയോര്‍ക്ക് ടൈംസിന് മൊഴി നല്‍കിയിരുന്നെങ്കിലും പൊലിസും കോടതിയും അതിന് തുടര്‍ നടപടികളൊന്നും കൈക്കൊണ്ടിരുന്നില്ല. അതില്‍ അസീസ് 89-ാമത്തെ വയസിലിപ്പോഴും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഖലീല്‍ ഇസ്‌ലാം 2009ല്‍ പരോള്‍ കാലയളവില്‍ മരണപ്പെട്ടിരുന്നു.
മാല്‍ക്കം എക്‌സിന്റെ ജീവിതത്തിലേക്ക് കൂടുതല്‍ വെളിച്ചം പകരുന്നതും അദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നിലെ പുകച്ചുരുളുകളെ കുറിച്ച് ആഴത്തില്‍ അപഗ്രഥിക്കുകയും ചെയ്യുന്ന അന്വേഷണാത്മക ഡോക്യുമെന്ററി സീരീസാണ് നെറ്റ്ഫ്‌ലിക്‌സ് ഈ മാസം പുറത്തിറക്കിയ 'ഹൂ കില്‍ഡ് മാല്‍ക്കം എക്‌സ്'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."