കാട്ടുതീ: അറിയിപ്പ് നല്കാന് എസ്.എം.എസ് അലര്‍ട്ട് സംവിധാനം
മലപ്പുറം: സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്നുണ്ടാകുന്ന കാട്ടുതീ കണ്ടെത്തുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനും വനംവകുപ്പ് നൂതന സാങ്കേതികവിദ്യകള്‍ ഏര്‍പ്പെടുത്തി. വനംവകുപ്പുദ്യോഗസ്ഥര്ക്കു കാട്ടുതീ സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം എസ്.എം.എസ് അലര്‍ട്ടായി നല്കുന്ന സംവിധാനമാണ് ഒരുക്കിയത്.
ഡെറാഡൂണിലെ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയാണ് സാറ്റലൈറ്റ് സംവിധാനത്തിന്റെ സഹായത്തോടെ കാട്ടുതീ പടര്‍ന്ന സ്ഥലം അതിന്റെ അക്ഷാംശ-രേഖാംശ വിവരങ്ങളടക്കം കണ്ടെത്തി ഉടന്‍ അതാതു ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍, റെയ്ഞ്ച് ഓഫിസര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എന്നിവര്‍ക്ക് എസ്.എം.എസ് അലര്‍ട്ടായി നല്‍കിവരുന്നത്.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കു കാട്ടുതീ ഉണ്ടായ കൃത്യമായ സ്ഥലം കണ്ടെത്താനും തീ അണയ്ക്കുന്നതിന് അടിയന്തിര നടപടി കൈകൊള്ളാനും കഴിയുന്നു. ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി, വനസംരക്ഷണ സമിതി എന്നിവയുടെ സേവനവും കാട്ടുതീ നിയന്ത്രിക്കുന്നതിന് ഉപയോഗപ്പെടുത്തുന്നുണ്ട്. വനം ഡിവിഷനുകളില്‍ തീ കെടുത്തിയതു സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍തന്നെ കണ്ട്രോള് റൂമിലേയ്ക്കു നല്‍കാനുള്ള സംവിധാനവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."