കൊറോണ ഇറാനില്‍ പടരുന്നു; മരണം ആറായി, വിദ്യാലയങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും അടച്ചിട്ടു
ടെഹ്റാന്‍: ചൈനയില്‍ രണ്ടായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ കൊറോണ (കൊവിഡ് 19) വൈറസ് ഇറാനിലും പടരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് ഇറാന്‍ പന്ത്രണ്ടില്‍ അധികം പ്രവിശ്യകളിലെ സ്‌കൂളുകളും സാംസ്‌കാരിക കേന്ദ്രങ്ങളും സര്‍വകലാശാലകളും അടച്ചിട്ടു. മധ്യ നഗരമായ അരാക്കില്‍ അടുത്തിടെ മരണമടഞ്ഞ ഒരു രോഗിയുടെ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നുവെന്ന് മര്‍കാസി പ്രവിശ്യയിലെ ഗവര്‍ണര്‍ അലി അഗസാദെ പറഞ്ഞു.
ഇറാനില്‍ ഇതുവരെ 28 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇത് ആറാമത്തെ മരണം തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ജീവന്‍ നഷ്ടപ്പെട്ടവരെല്ലാം ഇറാനിയന്‍ പൗരന്മാരാണെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
അതേസമയം, ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2363 ആയി. 79000ത്തിലധികം പേര്‍ക്ക് രോഗം പിടിപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം വുഹാനില്‍ അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം വൈകുന്നു. പ്രത്യേക വിമാനം ഇറക്കാന്‍ ചൈന ഇനിയും അനുമതി നല്‍കാത്തതാണ് കാരണം.
647 ഇന്ത്യക്കാരെയും ഏഴ് മാലിദ്വീപുകാരെയും വുഹാനില്‍ നിന്ന് ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലെത്തിച്ചിരുന്നു. അവശേഷിക്കുന്നവരെ കൊണ്ടുവരാനായി വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം തയ്യാറാക്കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായിയെങ്കിലും ചൈന പ്രതികരിച്ചിട്ടില്ല. ചൈനക്കുള്ള മരുന്നും മെഡിക്കല്‍ സാമഗ്രികളുമായി പോകുന്ന വിമാനം തിരികെ വരുമ്പോള്‍ അവിടെ കുടങ്ങിയവരെ കൂടി കൂടെ കൊണ്ടുവരാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ചൈന കഴിഞ്ഞാല്‍ ഇറ്റലിയിലും, ദക്ഷിണ കൊറിയയിലുമാണ് കൊറോണ വൈറസ് കൂടുതല്‍ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ കൊറോണ ബാധിച്ച് 2 പേര്‍ മരിച്ചു, 79 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിലെ പത്ത് നഗരങ്ങളില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.
കൊറോണ ഭീതിയില്‍ നിരവധി ക്ലബ് ഫുട്‌ബോള്‍ മത്സരങ്ങളും നീട്ടിവച്ചു. 50000 ആളുകളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ഇസ്രായേലിലും, ലെബനനിലും ആദ്യമായി കൊറോണ സ്ഥിരീകരിച്ചു. തെക്കന്‍ കൊറിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 433 ആയി. തെക്കന്‍ കൊറിയന്‍ പൗരന്‍മാര്‍ക്ക് ഇസ്രായേലില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."