യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പ്രവാസി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ തുടങ്ങും -രമേശ് ചെന്നിത്തല
ജിദ്ദ: വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രവാസി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ കേരളത്തില്‍ തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസികളായ ബിസിനസ് സംരംഭകര്‍ നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ അനുഭവിക്കുന്ന സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് പോലുള്ള പ്രശ്‌നങ്ങളില്‍ കൂടുതല്‍ നിക്ഷേപ സൗഹൃദപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ സന്ദര്‍ശനത്തോടനുബന്ധിച്ച് ജിദ്ദ ഒ.ഐ.സി.സി ട്രൈഡന്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ഭാവി കേരളം: മിഷന്‍ ആന്‍ഡ് വിഷന്‍ പദ്ധതിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി രമേശ് ചെന്നിത്തല ജിദ്ദയിലെ ബിസിനസ്, വ്യവസായ, പ്രൊഫഷണല്‍ രംഗത്തെ പ്രമുഖരുമായി ചര്‍ച്ച നടത്തി.
ജോലി നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ജോലി കണ്ടെത്താനോ, ബിസിനസ് ചെയ്യാനോ സഹായകമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ബന്ധിപ്പിക്കുന്ന നാഷണല്‍ വാട്ടര്‍ വേ എഴുപത്തഞ്ച് ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. അധികാരം ലഭിക്കുകയാണെങ്കില്‍ ആദ്യം ചെയ്യുന്നത് അതിന്റെ പ്രതിബന്ധങ്ങള്‍ തീര്‍ത്ത് പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കുകയായിരിക്കും. കോണ്‍ഗ്രസ് മാനിഫെസ്‌റ്റോ രൂപീകരണത്തില്‍ പ്രവാസികളുടെ നിര്‍ദേശങ്ങള്‍ പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഷെയ്ഖ് ഫദല്‍ അബ്ദുറഹ്മാന്‍, ഷെയ്ഖ് മുഹമ്മദ് സഈദ് മലബാരി, ആലുങ്ങല്‍ മുഹമ്മദ്, വി.പി മുഹമ്മദലി, ഖൈറു റഹീം, ഹംസ തച്ചങ്കോടന്‍ എന്നിവര്‍ക്കുള്ള ഒ.ഐ.സി.സിയുടെ മെമന്റോ രമേശ് ചെന്നിത്തല സമ്മാനിച്ചു. അല്‍ അബീര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. ആലുങ്ങല്‍ മുഹമ്മദ് ആമുഖപ്രസംഗം നടത്തി. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ മിഡില്‍ ഈസ്റ്റ് കോ-ഓര്‍ഡിനേറ്ററും ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാനുമായ ഇഖ്ബാല്‍ പൊക്കുന്ന് വിഷയം അവതരിപ്പിച്ചു. ജിദ്ദ ഒ.ഐ.സി.സി റീജനല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീര്‍ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി സെക്രട്ടറിമാരായ ജോഷി വര്‍ഗീസ് സ്വാഗതവും സക്കീര്‍ ഹുസൈന്‍ എടവണ്ണ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."