കേരളം ഭരിക്കുന്നത് ജനാധിപത്യവിരുദ്ധ സര്‍ക്കാര്‍: സി. മോയിന്‍കുട്ടി
കല്‍പ്പറ്റ: മതവിരുദ്ധവും ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മതില്‍ കെട്ടാനും വിശ്വാസങ്ങളെ തകര്‍ക്കാനും ഇറങ്ങിത്തിരിച്ചിരിക്കുന്ന സര്‍ക്കാരിന് ജനങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സമയമില്ലാത്ത അവസ്ഥയാണെന്നും മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ സി. മോയിന്‍കുട്ടി.
യു.ഡി.എഫ് കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയത്തെ തുടര്‍ന്ന് സഹജീവികളെ സഹായിക്കാന്‍ കോടിക്കണക്കിന് രൂപയാണ് സാധാരണക്കാരായ ആളുകളടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. എന്നാല്‍ ഇപ്പോഴും പതിനായിരം രൂപ പോലും നഷ്ടപരിഹാരം കിട്ടാത്തവരുണ്ടെന്നതാണ് വസ്തുത.
പ്രളയകാലത്ത് സംസ്ഥാനത്തെത്തിച്ച ലോഡ് കണക്കിന് ഭക്ഷണസാധനങ്ങള്‍ യഥാസമയം നല്‍കാനാവാതെ നശിച്ചു. തിരുച്ചിറപ്പള്ളിയില്‍ നിന്നും അടുത്തിടെ പിടിച്ചെടുത്തത് കേരളത്തില്‍ നിന്നും കടത്തിയ നൂറ് ലോഡ് അരിയാണ്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് നിലനില്‍പ്പിനും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും ഇതില്‍ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ചെയര്‍മാന്‍ പി.പി.എ കരീം അധ്യക്ഷനായി. കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, എ.ഐ.സി.സി അംഗം പി.കെ ജയലക്ഷ്മി, കെ.സി റോസക്കുട്ടി ടീച്ചര്‍, പി.പി ആലി, കെ.കെ അഹമ്മദ് ഹാജി, എന്‍.കെ റഷീദ് നിരവധി നേതാക്കള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."