HOME
DETAILS
MAL
കരിപ്പൂരില്‍ കസ്റ്റംസ് ഹാളില്‍ യാത്രക്കാര്‍ കാത്തുനില്‍ക്കേണ്ടത് മണിക്കൂറുകള്‍
backup
February 24 2020 | 04:02 AM
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആഗമന ടെര്‍മിനലിലെ കസ്റ്റംസ് ഹാളില്‍ യാത്രക്കാര്‍ മണിക്കൂറുകള്‍ കാത്തുനിന്ന് വലയുന്നു. കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ മൂന്നു മണിക്കൂറിലേറെ സമയം വരിനില്‍ക്കേണ്ടതായി യാത്രക്കാര്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ഭാരവാഹികള്‍ മിനിസ്ട്രി ഓഫ് ഫൈനാന്‍സ് അംഗം ജോണ്‍ ജോസഫിനു പരാതി നല്‍കി.
120 കോടി രൂപ ചെലവില്‍ സ്ഥാപിച്ച കരിപ്പൂരിലെ പുതിയ ആഗമന ടെര്‍മിനലില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയത്. എന്നിട്ടും എമിഗ്രേഷന്‍ ക്ലിയറന്‍സ് നിമിഷങ്ങള്‍ക്കകം പൂര്‍ത്തീകരിക്കുന്ന യാത്രക്കാര്‍ കസ്റ്റംസ് ഹാളില്‍ പരിശോധനയ്ക്കായി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരികയാണ്. ടെര്‍മിനലില്‍ എയര്‍പോര്‍ട്ട് അതോറിറ്റി സ്ഥാപിച്ച കോടികളുടെ ഉപകരണങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നില്ലെന്നാണു പരാതി. ശരീര പരിശോധനയ്ക്കായി സ്ഥാപിച്ച രണ്ടാമത്തെ ഡോര്‍മെറ്റല്‍ ഡിറ്റക്ടറും ലഗേജ് എത്തിക്കാനുള്ള കൂടുതല്‍ കണ്‍വേയര്‍ ബെല്‍റ്റുകളും ഉപയോഗിക്കുന്നില്ലെന്നാണ് ആക്ഷേപം.
ഒരു യാത്രക്കാരനെ 33 മിനുട്ട് കൊണ്ട് ക്ലിയര്‍ ചെയ്യിക്കാനുള്ള ആധുനിക സൗകര്യങ്ങളാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഒരുക്കിയിട്ടുള്ളത്. എന്നാല്‍ മൂന്നു മണിക്കൂറിലധികം വയോധികരും രോഗികളും കുട്ടികളും ദീര്‍ഘദൂര യാത്രക്കാരും കസ്റ്റംസ് ഹാളില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണു നിലവിലുള്ളത്. പരിശോധനയുടെ പേരില്‍ ബാഗുകള്‍ വലിച്ചുകീറുന്ന പ്രവണതയും ഏറിയിട്ടുണ്ട്. പ്രശ്‌നം രണ്ടാഴ്ചയ്ക്കകം അന്വേഷണം നടത്തി പരിഹരിക്കുമെന്ന് ജോണ്‍ ജോസഫ് ഉറപ്പു നല്‍കിയതായി മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍, പി.എ ഹംസ, ടി.പി.എം ഹാഷിറലി, ശൈഖ് ശാഹിദ് എന്നിവര്‍ പറഞ്ഞു. എന്നാല്‍ വിമാനങ്ങള്‍ ഒന്നിച്ച് എത്തുമ്പോഴുണ്ടാകുന്ന തിരക്കാണ് കസ്റ്റംസ് ഹാളില്‍ അനുഭവപ്പെടുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."