സി.എ.എ മുസ്ലിം വിരുദ്ധം: പി. ചിദംബരം
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പൂര്‍ണമായും മുസ്ലിം വിരുദ്ധമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. അസമില്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ 12 ലക്ഷം ഹിന്ദുക്കളെ തിരികെ കൊണ്ടുവരാനും ഏഴു ലക്ഷം മുസ്ലിംകളെ പുറത്തു നിര്‍ത്താനുമുള്ള സര്‍ക്കാര്‍ തന്ത്രമാണ് സി.എ.എയെന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലിംകളെ മതം നോക്കി വേര്‍തിരിക്കുന്ന നിയമമാണത്- സിഎഎ വിരുദ്ധ സമരത്തില്‍ സംസാരിക്കവെ ചിദംബരം പറഞ്ഞു.
19 ലക്ഷം ആളുകളെ അസമില്‍ നിന്നും നാടുകടത്തുന്നത് സാധ്യമായ കാര്യമാണോയെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് മോദി ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പല രാജ്യങ്ങളും അഭയാര്‍ഥികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി കേട്ടിട്ടുണ്ട്. എന്നാല്‍ ലോകത്ത് എവിടെയെങ്കിലും ഏതെങ്കിലും രാജ്യം 19 ലക്ഷം പൗരന്മാരെ പുറത്താക്കിയ ചരിത്രമുണ്ടോ. ഏത് രാജ്യമാണ് 19 ലക്ഷം ആളുകളെ പുറത്താക്കിയിട്ടുള്ളത്? നരേന്ദ്ര മോദിക്ക് സംശയമുണ്ടെങ്കില്‍ അദ്ദേഹം ട്രംപിനോട് ചോദിക്കട്ടെ, ട്രംപ് മറുപടി നല്‍കുമായിരിക്കും- പരിഹാസ രൂപേണ ചിദംബരം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."