ഖുര്‍ആന്റെ ഒരോ വചനവും ഔഷധം
മനുഷ്യനന്മയിലൂന്നിയുള്ള വിചാര ധാരയാണ് ഖുര്‍ആന്‍ പ്രതിപാദിക്കുന്നത്. ഖുര്‍ആനിലെ കേന്ദ്രബിന്ദു മനുഷ്യനാണ്. മനുഷ്യന്റെ നന്മതിന്മകളില്‍ അതിന്റെ സമഗ്രതയില്‍ ഖുര്‍ആന്റെ ഓരോ വചനവും ഒരു ഔഷധം പോലെ ക്രിയാത്മകമായി പ്രതി പ്രവര്‍ത്തിക്കുന്നു. ഖുര്‍ആന്റെ ചിട്ടയൊപ്പിച്ചല്ലാത്ത വര്‍ണനകളിലൂടെ അടുക്കും ചിട്ടയും അല്ലാത്ത മനുഷ്യജീവിത യാത്രയെ ഏകാഗ്രമായ കര്‍മപദത്തിലേക്ക് നയിക്കാനുള്ള നിയോഗമാണ് പകര്‍ത്തപ്പെടുന്നത്. ഖുര്‍ആന്‍ അനുശാസിക്കുന്ന ഒട്ടേറെ നിയമാവലികള്‍, ചിന്താധാരകള്‍ എല്ലാം ഒരു പ്രത്യേക മതത്തിനു വേണ്ടിയുള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാ മതങ്ങളുടെയും കേന്ദ്രബിന്ദു ഉത്തമനായ മനുഷ്യന്‍ തന്നെയാണ്. നരന്‍ ആരെന്ന നേരായ ചോദ്യത്തിന് ഉത്തരമാണ് രാമായണം. ഉത്തമനായ ഒരു മനുഷ്യനെയാണ് വാത്മീകി അവിടെ അവതരിപ്പിക്കുന്നത്. ജീവിതയാത്രയില്‍ ഒട്ടേറെ കഠിന യാതനകള്‍ അനുഭവിക്കാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനായിത്തീരുന്ന ആ യാതനകളെ അതിജീവിക്കാന്‍ അവനു കഴിയുന്നത് ദൈവത്തിന്റെ നിര്‍ദേശങ്ങളും നിയോഗങ്ങളും തന്നെയാണ്. ഖുര്‍ആനില്‍ അനുശാസിക്കുന്ന വ്രത നിഷ്ഠകള്‍ എല്ലാ മതത്തിലും വ്യത്യസ്തമായ രീതിയില്‍ ശീലിക്കുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നുണ്ട്. നോമ്പു കാലത്ത് സക്കാത്ത് നല്‍കുമ്പോള്‍ ഒരു സംസ്‌കാരമാണ് സംരക്ഷിക്കപ്പെടുന്നത്. ദൈവം തന്ന സുഖ സൗകര്യങ്ങള്‍ എല്ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് സക്കാത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നു. നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണമെന്ന ബൈബിള്‍ വാക്യം ഖുര്‍ആന്റെ ചിന്തകളെ തന്നെയാണ് നമ്മളിലേക്ക് ഉയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."