ബീഹാര്‍ ബാലന് തുണയായി മഞ്ചേരി പൊലിസ്; മുഷ്‌കില്‍ നഹീ ഭയ്യാ...
മഞ്ചേരി: ജോലി അന്വേഷിച്ചിറങ്ങി ഒറ്റപ്പെട്ട ബീഹാര്‍ സ്വദേശിയായ ബാലന് മഞ്ചേരി പൊലിസ് തുണയായി. പത്തുവയസുള്ള അഷ്‌റഫ് അലി ജോലിയന്വേഷിച്ചിറങ്ങി നഗരത്തില്‍ ഒറ്റപ്പെട്ടുപോകുകയായിരുന്നു. ഇന്നലെ രാവിലെ മഞ്ചേരി ജസീല ജങ്ഷനില്‍ സമീപത്തുള്ള കടയില്‍ ജോലി അന്വേഷിച്ച് എത്തി. ഹിന്ദി മാത്രം സംസാരിക്കുന്ന കുട്ടിയെ കണ്ട് സംശയം തോന്നിയ നാട്ടുകാരും കടയുടമയുമാണ് പൊലിസിനെ വിവരം അറിയിച്ചത്. രണ്ടുമാസം മുന്‍പാണ് അഷറഫ്അലി സഹോദരനൊപ്പം മഞ്ചേരിയില്‍ താമസമാക്കിയത്. സഹോദരന്‍ ജോലിക്ക് പോയസമയം ബന്ധുക്കളുടെ കണ്ണുവട്ടിച്ച് ജോലി അന്വേഷിച്ച് പുറപ്പെട്ടതാണെന്ന് സഹോദരന്‍ പറഞ്ഞു. വീട്ടില്‍നിന്ന് ഇറങ്ങി നഗരത്തില്‍ എത്തിയതോടെ വഴി നിശ്ചയമില്ലാതെ അഷ്‌റഫ് അലി ചുറ്റിത്തിരിഞ്ഞു. കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ചതോടെ പ്രദേശത്തുള്ള ഇതരസംസ്ഥാന തൊഴിലാളികളില്‍ ആരുടെയെങ്കിലും കുട്ടിയാകുമെന്ന കണക്കുകൂട്ടലില്‍ പൊലിസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കുട്ടിയുടെ ബന്ധുക്കളെ അന്വേഷിച്ച് പൊലിസ് ഏറെ അലഞ്ഞു. ഒടുവില്‍ കുട്ടിയില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോഴാണ് സഹോദരനെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. ജെ.ടി.എസില്‍ താമസിക്കുന്ന അസ്‌ക്കര്‍ കുട്ടിയുടെ സഹോദരനാണെന്ന് തിരിച്ചറിഞ്ഞു. വിവരം നല്‍കിയതിനെതുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയ അസ്‌ക്കര്‍ കുട്ടിയെ ഏറ്റുവാങ്ങി. സ്റ്റേഷനില്‍ എത്തിച്ച അഷ്‌റഫ് അലിയുടെ കുസൃതിയില്‍ പൊലിസുകാരും പങ്കു ചേര്‍ന്നു. കലണ്ടര്‍ നോക്കി പൊലിസുകാര്‍ക്ക് ഹിന്ദിയില്‍ എണ്ണം പഠിപ്പിച്ചും വനിതാ ജീവനക്കാരോട് കയര്‍ത്തും ചിരിപ്പിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥരാണ് അഷ്‌റഫ് അലിയെ മുഴുവന്‍ സമയവും സംരക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."