കോരപ്പുഴ പാലം നിര്‍മാണം; മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിച്ചു
കൊയിലാണ്ടി: കോരപ്പുഴ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കോരപ്പുഴ ഭാഗത്തെ മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. കെ. ദാസന്‍ എം.എല്‍.എ ഇന്നലെ ചേമഞ്ചേരി പഞ്ചായത്ത് ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനമായത്.
കൊയിലാണ്ടി ഭാഗത്തെ ബണ്ട് നിര്‍മാണം ഇതോടെ പുനരാരംഭിക്കും. പഴയ പാലത്തിന്റെ കൊയിലാണ്ടി ഭാഗത്തെ രണ്ടാമത്തെ തൂണിന് നാലു മീറ്റര്‍ കൂടി പുറത്തേക്കു വരുന്ന രീതിയില്‍ ബണ്ട് നിര്‍മാണം ആരംഭിക്കും. ബണ്ടുകള്‍ കെട്ടുന്നതുമൂലം മഴക്കാലത്തു വെള്ളം ഉയരുന്ന അവസ്ഥയുണ്ടായാല്‍ അടിയന്തരമായി വെള്ളം ഒഴുക്കിവിടാന്‍ നടപടികള്‍ സ്വീകരിക്കും. പ്രവൃത്തി മോണിറ്റര്‍ ചെയ്യാന്‍ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തെ ജനപ്രതിനിധികളും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടുന്ന സമിതിക്കു രൂപം നല്‍കി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കില്‍ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് തടസം സൃഷ്ടിക്കാതെ മോണിറ്റര്‍ സമിതി മുന്‍പാകെ ഉന്നയിച്ച് പരിഹാരം കാണും.
പാലത്തിനു പടിഞ്ഞാറുഭാഗത്ത് ഇരുകരകളിലെയും സംരക്ഷണഭിത്തി ബലപ്പെടുത്തി പുനര്‍നിര്‍മിക്കാന്‍ റിവര്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ നിന്ന് ഫണ്ട് അനുവദിക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെടും. മത്സ്യബന്ധനത്തിനു പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതു വരെയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സഹിച്ച് പൊതുവായ ഈ വികസന പ്രവര്‍ത്തനങ്ങളോട് സഹരിക്കുമെന്ന് മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു.
ബണ്ട് നിര്‍മാണം പൂര്‍ത്തിയാകുന്ന മുറക്ക് ബണ്ടുകളെ ബന്ധിപ്പിച്ച് അടിഭാഗത്തൂടെ ചെറുതോണികള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന ഉയരത്തില്‍ താല്‍ക്കാലിക നടപ്പാലം നിര്‍മിക്കുന്ന കാര്യം പരിശോധിക്കാമെന്ന് പി.ഡബ്ല്യു.ഡി എന്‍ജിനീയര്‍മാരും യു.എല്‍.സി.സി അധികൃതരും വ്യക്തമാക്കി. ഇപ്പോഴത്തെ ബോട്ടിങ് സര്‍വിസിലെ പ്രയാസങ്ങള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണു പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."