HOME
DETAILS
MAL
അമിത് ഷാ രാജിവയ്ക്കണം: കോണ്‍ഗ്രസ്
backup
February 27 2020 | 03:02 AM
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നു കോണ്‍ഗ്രസ്. എവിടെയാണ് ആഭ്യന്തര മന്ത്രിയെന്നും ഞായറാഴ്ച മുതല്‍ അദ്ദേഹം എന്താണ് ചെയ്തുകൊണ്ടിരുന്നതെന്നും കോണ്‍ഗ്രസ് ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി ചോദിച്ചു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും അവര്‍ വിമര്‍ശിച്ചു. സംഘര്‍ഷബാധിത പ്രദേശങ്ങളിലേക്കു പോകാതെ, ജനങ്ങളുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്താതെ അദ്ദേഹം എന്താണ് ചെയ്യുന്നതെന്നും സോണിയ ചോദിച്ചു. അക്രമം നടക്കുമെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ടത്ര പൊലിസിനെ വിന്യസിക്കാതിരുന്നതിനെയും കോണ്‍ഗ്രസ് അധ്യക്ഷ വിമര്‍ശിച്ചു. കാര്യങ്ങള്‍ ഡല്‍ഹി പൊലിസിന്റെ നിയന്ത്രണത്തിനപ്പുറമാണെന്നു മനസിലായിട്ടും കൂടുതല്‍ സേനയെ ഇറക്കാതിരുന്നതെന്തു കൊണ്ടെന്നും അവര്‍ ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉടന്‍ സര്‍വകക്ഷി യോഗം വിളിക്കുകയും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യണം. മുന്‍പ് വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തുപോലും ഇതുപോലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ ഉടന്‍ സര്‍വകക്ഷി യോഗം വിളിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍, മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ ഒരിക്കല്‍ പോലും ഇത്തരമൊരു യോഗം വിളിച്ചുകൂട്ടിയിട്ടില്ലെന്നു സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി. അതിനിടെ, ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗം ഡല്‍ഹി പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കു നിവേദനം നല്‍കാന്‍ തീരുമാനിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, എ.കെ ആന്റണി, ഗുലാംനബി ആസാദ്, പി. ചിദംബരം, പ്രിയങ്കാ ഗാന്ധി തുടങ്ങിയ നേതാക്കള്‍ നിര്‍വാഹകസമിതി യോഗത്തില്‍ പങ്കെടുത്തു. വിദേശത്തായതിനാല്‍ രാഹുല്‍ഗാന്ധി പങ്കെടുത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."