ഇടിമിന്നലേറ്റ് പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ക്കു പരുക്ക്, വീട് പൂര്‍ണമായും തകര്‍ന്നു
നെടുങ്കണ്ടം: പുഷ്പ്പക്കണ്ടത്തിനു സമീപം ശൂലപ്പാറയില്‍ ഇടിമിന്നലേറ്റ് പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ക്കു പരുക്കേറ്റു. ശൂലപ്പാറ പുലക്കൂടിയില്‍ വത്സമ്മ (56), മകന്‍ ഷിനുവിന്റെ ഭാര്യ അപര്‍ണ (24), മകള്‍ രണ്ടുവയസുകാരി ആല്‍ഫിയ എന്നിവര്‍ക്കാണു പരുക്കേറ്റത്.
മിന്നലിന്റെ ശക്തിയില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ജനല്‍ച്ചില്ലുകള്‍ തെറിച്ച് ടിവി വന്‍ സ്‌ഫോടനത്തടെ പൊട്ടിത്തെറിച്ചു. ഇടിവെട്ടിയ ഉടന്‍ വീടിനു ചുറ്റും അഗ്‌നി വലയം പ്രാപിച്ചതായി അപര്‍ണയും വത്സമ്മയും പറയുന്നു. മൂന്നുപേര്‍ക്കും പൊള്ളലേറ്റു. രണ്ട് വയസുകാരി ആല്‍ഫിയയുടെ കാലിലാണ് പൊള്ളലേറ്റത്. വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം കത്തിനശിച്ചു.
വീട് മേഞ്ഞിരുന്ന അസ്ബറ്റോസ് വന്‍ ശബ്ദത്തോടെയാണ് പൊട്ടിച്ചിതറിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന അധാരവും, പാസ്ബുക്കും, തിരിച്ചറിയല്‍ രേഖകളും മാത്രാമാണ് മിച്ചമുള്ളതെന്ന് വത്സമ്മ പറഞ്ഞു.
ഷിനുവും, വത്സമ്മയും കൂലിപ്പണിക്കരാണ്. 12 വര്‍ഷം മുന്‍പ് പഞ്ചായത്തില്‍ നിന്നും ലഭിച്ച ധനസഹായം ഉപയോഗിച്ചും, കൂലിപ്പണിയെടുത്തുമാണ് വീട് നിര്‍മിച്ചത്. ഏലത്തോട്ടത്തിലെ തൊഴിലാളിയാണ് വത്സമ്മ. മൂന്ന് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് വീട് പൂര്‍ത്തിയാക്കിയത്. ഇതു പൂര്‍ണമായും കത്തി. വത്സമ്മയും, ആല്‍ഫിയയും ടിവിയിരിക്കുന്ന മുറിയിലാണ് ഇരുന്നത്. ചിതറിയ ചില്ലിന്‍ കഷണങ്ങള്‍ വത്സമ്മയുടെയും ആല്‍ഫിയയുടെയും ദേഹത്തേയ്ക്ക് തുളച്ച് കയറി.
ഇതിനിടെ അപര്‍ണ ഷോക്കേറ്റ് നിലത്തേയ്ക്ക് തെറിച്ചുവീണു, ചില്ലുകഷണങ്ങള്‍കൊണ്ട് അപര്‍ണയ്ക്കും സാരമായ പരുക്കേറ്റു. വീട്ടിലെ കരച്ചില്‍ക്കേട്ട് സമീപവാസികളെത്തിയാണ് മൂവരെയും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."