മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ സെന്റര്‍ നിര്‍മാണം പുരോഗമിക്കുന്നു
കോഴിക്കോട്: മെഡിക്കല്‍ കോളജ് ചെസ്റ്റ് ആശുപത്രിക്ക് സമീപം സംസ്ഥാനത്തെ മെഡിക്കല്‍ കോളജിനോടനുബന്ധിച്ചുള്ള ആദ്യത്തെ കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം പുരോഗമിക്കുന്നു.
നിലവില്‍ മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ചികിത്സയ്ക്കായെത്തുന്ന നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമായാണ് കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.
എം.കെ രാഘവന്‍ എം.പി പ്രത്യേകം തയാറാക്കി സമര്‍പ്പിച്ച പദ്ധതിയനുസരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുവദിച്ച ഫണ്ട് വകയിരുത്തിയാണ് കെട്ടിടം നിര്‍മിക്കുന്നത്. ആറു നിലകളുള്ള സെന്ററിന്റെ ആദ്യ ഘട്ടം മെയ് മാസം അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് പദ്ധതി. ഏകദേശം 44.5 കോടി രൂപയില്‍ 13 കോടി രൂപ കെട്ടിട നിര്‍മാണത്തിനും 31.5 കോടി രൂപ ഉപകരണങ്ങള്‍ക്കും സ്‌പെക്ട്ഗാമ ക്യാമറക്കുമാണ് വകയിരുത്തിയിരിക്കുന്നത്. ശസ്ത്രക്രിയാ തിയറ്ററുകള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, കീമോ തെറാപ്പി, ഡേ കെയര്‍, ഒ.പി, എക്‌സറേ, ലാബ്, ഫാര്‍മസി, ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലേറ്റര്‍, സിടി സിമുലേറ്റര്‍, പരിശോധനാ മുറി എന്നിവ ആറ് നിലകളിലായി സജ്ജീകരിക്കും. ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ നടപടികള്‍ നിലവില്‍ പൂര്‍ത്തിയായി വരുന്നുണ്ട്. ആറു നിലകളിലായി കൂടുതല്‍ സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കാനായി നിലവില്‍ ഏഴു കോടി രൂപ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും 100 കോടിയോളം രൂപ ഇനിയും ആവശ്യമാണെന്നുമാണ് അധികൃതര്‍ പറയുന്നത്. കോട്ടയം വെള്ളാപ്പള്ളി ബ്രദേഴ്‌സ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാറുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."