ബസും ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരുക്ക്
പെര്‍ള: ബസും ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്കു പരുക്ക്. സാരമായി പരുക്കേറ്റ കാസര്‍കോട് സ്വദേശിനി ചന്ദ്രാവതി (38), ബദിയടുക്കയിലെ ചന്ദ്രശേഖര(40), അഡ്യനടുക്കക്ക് സമീപം മാണിലയിലെ തുക്ര(70), ബെള്ത്താങ്ങാടിയിലെ ഷേശമ്മ (65) എന്നിവരെ വിട്ട്ളയിലെ സ്വകാര്യ ആശുപത്രിയിലും ബദിയടുക്കയിലെ ശ്രുതി (22), പെര്‍ള കാട്ടുക്കുക്കെയിലെ രാജേശ്(23), ഡ്യനടുക്ക മുഹമ്മദ്(30), പെര്‍ളയിലെ പുനിത്(15), കര്‍ണാടക കാരിഞ്ച വഗ്ഗയിലെ വസന്തി(30), ബദിയടുക്കയിലെ സുരേഷ്(30), കാസര്‍കോട്ടെ അഭിജിത്(25) എന്നിവരെ വിട്ട്ളയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അപകടം. കാസര്‍കോട് ഭാഗത്ത് നിന്നു പുത്തൂരിലേക്കു പോവുകയായിരുന്ന കേരള എസ്.ആര്.ടി.സി ബസും വിട്ട്ള ഭാഗത്ത് നിന്നു സിമന്റ് കയറ്റി വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും ചെര്‍ക്കള ബകല്ലടുക്ക റോഡില്‍ സാറടുക്ക ചെക്ക് പോസ്റ്റിനു സമീപം വളവിലാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെയും ലോറിയുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. വീതികുറഞ്ഞ റോഡിലെ വളവും കുഴികളും കാരണം ഇവിടെ അപകടം നിത്യ സംഭവമായി മാറുന്നതായി പരാതിയുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് പുത്തൂരിലെ കോളജിലേക്ക് മകളെ കൊണ്ട് വിട്ട് ബൈക്കില്‍ മടങ്ങുന്നതിനിടയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അധ്യപകന് മരിച്ചിരുന്നു.
ചെര്‍ക്കള ബകല്ലടുക്ക റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിനിടേയാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."