ഇദ്ലിബില് വ്യോമാക്രമണം; 33 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു
ദമസ്കസ്: സിറിയയിലെ വിമത കേന്ദ്രമായ ഇദ്ലിബില് അസദ് സൈന്യം റഷ്യന്‍ പിന്തുണയോടെ നടത്തിയ വ്യോമാക്രമണത്തില്‍ 33 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെ, അക്രമത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്കുമെന്നു തുര്‍ക്കി മുന്നറിയിപ്പ് നല്കി. എന്നാല്‍, ഇദ്ലിബില് വിമതര്‍ക്കൊപ്പം തങ്ങളുടെ സൈനികരുള്ള കാര്യം തുര്‍ക്കി അറിയിച്ചിരുന്നില്ലെന്നാണ് ആക്രമണം സംബന്ധിച്ച് റഷ്യന്‍ സൈന്യത്തിന്റെ വിശദീകരണം.
സംഭവത്തെ തുടര്‍ന്നു തുര്‍ക്കി സിറിയയ്ക്കെതിരേ തിരിച്ചടി ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ സൈനികരെ ഇനി ആക്രമിച്ചാല്‍ എവിടെവച്ചും തിരിച്ചടി നല്കുമെന്നു വ്യക്തമാക്കി ഈ മാസംആദ്യം തുര്‍ക്കി രംഗത്തെത്തിയിരുന്നു. തുര്‍ക്കിയുടെ തിരിച്ചടിയില്‍ 16 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ നടത്തിയ അടിയന്തര യോഗത്തിനു ശേഷമാണ് തുര്‍ക്കി സിറിയന്‍ സൈനികര്‍ക്കെതിരേ ആക്രമണം ആരംഭിച്ചത്.
ഇദ്ലിബില്‍നിന്നു മറ്റൊരു അഭയാര്‍ഥി പ്രവാഹം ഉണ്ടാവുന്നതിലേക്കു നയിക്കുന്നതാണ് നിലവിലെ സാഹചര്യങ്ങള്‍.
അതേസമയം, സിറിയയില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തികള്‍ തുറന്നിടുമെന്നു തുര്‍ക്കി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2016ല്‍ സിറിയയില്‍ ഇടപെടാന്‍ തുടങ്ങിയതിനു ശേഷം തുര്‍ക്കി നേരിടുന്ന ഏറ്റവും ശക്തമായ തിരിച്ചടിയാണിത്.
വിമതരുടെ കീഴിലുള്ള അവസാന പ്രദേശമാണ് ഇദ്ലിബ്. തുര്‍ക്കി സൈനിക നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍നിന്നു സിറിയന്‍ സൈന്യം പിന്‍വാങ്ങണമെന്നു തുര്‍ക്കി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."