നാശം വിതക്കുന്ന കാട്ടാനയെ പിടികൂടാന്‍ മുതുമലയില്‍നിന്ന് താപ്പാനകള്‍ കോയമ്പത്തൂരിലേക്ക്
ഗൂഡല്ലൂര്‍: കോയമ്പത്തൂര്‍ ജില്ലയിലെ തടാകം എന്ന പ്രദേശത്ത് ഏറെ നാശം വിതക്കുന്ന കാട്ടാനയെ പിടികൂടാന്‍ മുതുമലയില്‍നിന്നു മുതുമല 55 എന്ന പേരുള്ള താപ്പാനയെ കൊണ്ടു പോയി. കോയമ്പത്തൂര്‍ തടാകം പ്രദേശത്ത് കാര്‍ഷിക നിലങ്ങളില്‍ ഇറങ്ങിനാശം വിതക്കുന്ന ചിന്ന തമ്പി, വിനായകന്‍ എന്നീ കാട്ടാനകള്‍ കര്‍ഷകര്‍ക്കും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തലവേദനയായിരിക്കയാണ്.
ആക്രമകാരികളായ ഈ രണ്ടാനകളെയും പിടികൂടണമെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ആദ്യപടിയായി വിനായകന്‍ എന്ന ആനയെ താപ്പാനളുടെ സഹായത്തോടെ പിടികൂടി കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് വനത്തില്‍ കഴിഞ്ഞ 19ന് വിട്ടയച്ചിരുന്നു. തുടര്‍ന്ന് വിനായകന്റെ കൂട്ടാളി ചിന്നതമ്പിയെയും പിടികൂടണമെന്ന ആവശ്യം ഉയര്‍ന്നതോടെ അതിനെ പിടികൂടാനായി മുതുമല എന്ന താപ്പാനയെ കോയമ്പത്തൂരിലെ തടാകം ഗ്രാമത്തില്‍ എത്തിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചു.
കോയമ്പത്തൂരിലേക്ക് യാത്രതിരിച്ച മുതുമലയുടെ കൂടെ ഫോറസ്റ്റര്‍ മുത്തുരാമലിംഗം, വനംവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ അനുഗമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."