കേരള എസ്റ്റേറ്റ് പാന്ത്രയില്‍ തക്കാളിപ്പനി; ഡെങ്കിപ്പനിയും
കാളികാവ്: ഡെങ്കിപ്പനി വ്യാപകമായി പടര്‍ന്ന കേരള എസ്റ്റേറ്റ് പാന്ത്രഭാഗത്തു തക്കാളിപ്പനി രോഗം സ്ഥിരീകരിച്ചു. രണ്ടു കുട്ടികള്‍ക്കാണു തക്കാളിപ്പനി ബാധിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുള്ളതിനാല്‍ രോഗബാധയെക്കുറിച്ച് ആരോഗ്യവകുപ്പിനു വിവരം ലഭിച്ചിട്ടില്ല. പാന്ത്ര, ചെമ്പന്‍കാട് ഭാഗത്താണു രോഗ ഭീതിയിലുള്ളത്. ചെമ്പന്‍കാടു ഭാഗത്തു 30ല്‍ ഏറെ പേര്‍ക്കു ഡെങ്കിപ്പനി ബാധിച്ച് ഇതിനോടകം കാളികാവു സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
ഇപ്പോഴും ഡെങ്കിപ്പനി നിയന്ത്രണ വിധേയമായിട്ടില്ല. ഇതിനിടയിലാണ് ആറു മാസവും ഒന്നര വയസും പ്രായമുള്ള രണ്ടു കുട്ടികള്‍ക്കു തക്കാളിപ്പനി ബാധിച്ചിട്ടുള്ളത്. വെവ്വേറെ വീടുകളില്‍ താമസിക്കുന്ന ഒരേ കുടുംബത്തില്‍പ്പെട്ടവരാണു രണ്ടു കുട്ടികളും. പൂക്കോട്ടും പാടത്തെ സ്വകാര്യ ഹോമിയോ ആശുപത്രിയിലാണു ചികിത്സ തേടിയിട്ടുള്ളത്. കൊക്കോ കൃഷിയുള്ളതിനാല്‍ ചെമ്പന്‍കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രോഗം പടരുന്നതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. കൊക്കോ തൊണ്ടില്‍ തങ്ങി നില്‍ക്കുന്ന വെള്ളത്തില്‍ കൊതുകുകളുണ്ടാകുന്നതു രോഗം പകരാനിടയാക്കിയെന്നും അധികൃതര്‍ പറയുന്നുണ്ട്.
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പാന്ത്രയില്‍ ഡെങ്കിപ്പനിയും മറ്റു മഴക്കാല രോഗവും കണ്ടെത്തി. ഒന്‍പത് പേര്‍ക്കാണു ഡെങ്കിപ്പനി കണ്ടെത്തിയത്. രോഗം ബാധിച്ച ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. മരങ്ങേരത്ത് ലക്ഷമി, പനക്കല്‍ തൊടിക രാജു, കോഴിശ്ശേരി മൂസ, പുത്തന്‍പീടിക നസീറ, പുത്തന്‍പീടിക നജാത്ത് തെസ്‌നി ,കൊളമ്പന്‍ റിയാഫാത്തിമ്മ, പുഴക്കല്‍ സെഹ്‌റ, പുറ്റള മാനുവല്‍ തുടങ്ങിയവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."