ടെല്‍കില്‍ ആരോപണം നേരിടുന്ന ഉന്നതന്റെ വിരമിക്കല്‍ നീട്ടാന്‍ നീക്കം
കണ്ണൂര്‍: പൊതുമേഖലാ സ്ഥാപനമായ ട്രാന്‍സ്‌ഫോമേഴ്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡില്‍ (ടെല്‍ക്) ഉന്നത ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ താല്‍ക്കാലികമായി നീട്ടിവയ്ക്കാന്‍ നീക്കം. 2011-2016 കാലയളവില്‍ ടെല്‍കില്‍ ചെമ്പുദണ്ഡുകള്‍ വാങ്ങിയതില്‍ അഴിമതിയാരോപണവും വിജിലന്‍സ് അന്വേഷണവും നേരിടുന്നയാള്‍ക്കാണു വിരമിക്കാന്‍ ഒരുമാസം മാത്രം ബാക്കിനില്‍ക്കെ സര്‍വിസ് നീട്ടിനല്‍കാന്‍ പിന്നാമ്പുറ നീക്കം സജീവമായത്.
ഇക്കാര്യം നേരത്തെ പുറത്തറിഞ്ഞാല്‍ ചര്‍ച്ചയാകാന്‍ സാധ്യതയുള്ളതിനാല്‍ ഈമാസം അവസാനം ചേരുന്ന ബോര്‍ഡ് യോഗത്തിന്റെ അംഗീകാരം വാങ്ങിയശേഷം രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് വിരമിക്കല്‍ ഒഴിവാക്കാനാണ് നീക്കം തുടങ്ങിയത്.
ഉന്നതന്റെ മാത്രം വിരമിക്കല്‍ നീട്ടിയാല്‍ വിമര്‍ശനം ഉയരുന്നതിനാല്‍ കമ്പനിയില്‍ ഇപ്പോള്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണു 2017 ഏപ്രില്‍ മുതല്‍ അടുത്ത മാര്‍ച്ച് വരെയുള്ള കാലയളവില്‍ വിരമിക്കേണ്ട മുഴുവന്‍ ജീവനക്കാരുടെയും വിരമിക്കല്‍ റദ്ദാക്കാനുള്ള നീക്കം നടക്കുന്നത്. ടെല്‍കിലെ പങ്കാളിത്തം നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍.ടി.പി.സി) ലിമിറ്റഡ് ഉപേക്ഷിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പുതിയ എം.ഡി സ്ഥാനവും മുന്നില്‍ക്കണ്ടാണ് ഉന്നതന്റെ അണിയറ നീക്കം. വിരമിക്കല്‍ കാലാവധി നീട്ടുന്നതു ഗുണകരമാകുന്നതിനാല്‍ ഉന്നതനെതിരേ നേരത്തെ പരാതി നല്‍കിയ പ്രമുഖ ട്രേഡ് യൂനിയന്‍ നേതാവും മൗനം പാലിക്കുകയാണ്. ഇദ്ദേഹം മേയ് 31നാണ് വിരമിക്കേണ്ടത്.
ഈവര്‍ഷം ടെല്‍കില്‍ നിന്നു വിരമിക്കേണ്ട 37 പേരില്‍ രണ്ടുപേര്‍ ഇതിനകം വിരമിച്ചുകഴിഞ്ഞു. ശേഷിക്കുന്ന 35 പേരില്‍ പത്തുപേരൊഴികെ ബാക്കി എല്ലാവരും മാനേജ്‌മെന്റ് സ്റ്റാഫുകളാണ്. നിലവില്‍ രണ്ടു ജോലിക്കാര്‍ക്കു ഒരു മാനേജ്‌മെന്റ് സ്റ്റാഫ് എന്ന കണക്കില്‍ അനുപാതം നിലനില്‍ക്കെ വിരമിക്കല്‍ ഒഴിവാക്കുക വഴി കാര്യമായ നേട്ടമൊന്നും ഉണ്ടാകാന്‍ ഇടയില്ലെന്നു ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
60,000 മുതല്‍ 1,50,000 രൂപ വരെ മാസശമ്പളം വാങ്ങുന്നവര്‍ക്കു വിരമിക്കല്‍ നേട്ടത്തിന്റെ ഗുണം ലഭിക്കുമെങ്കിലും തീരുമാനം ടെല്‍കിനു വന്‍ സാമ്പത്തിക നഷ്ടവും വരുത്തിവയ്ക്കും. കഴിഞ്ഞ സാമ്പത്തികവര്‍ഷം 15 കോടിയോളം രൂപയുടെ നഷ്ടമാണു ടെല്‍കിനുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."