പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവം എസ്.എഫ്.ഐക്കാരെയും അധ്യാപകരേയും വിമര്‍ശിച്ച് മുഖ്യമന്ത്രി
കൊച്ചി: നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ അപമാനത്തിന്റെ പടുകുഴിയിലാക്കാന്‍ ഏതാനും ചിലര്‍ വിചാരിച്ചാല്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവം സൂചിപ്പിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എറണാകുളം മഹാരാജാസ് കോളജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമമായ മഹാരാജകീയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളം അഭിമാനത്തോടെ കാണുന്ന കലാലയമാണു മഹാരാജാസ് കോളജ്. ഇതിന്റെ ഭാഗമായി നില്‍ക്കുന്ന എല്ലാവര്‍ക്കും ആ കരുതല്‍ വേണം. ഒറ്റപ്പെട്ട രീതിയിലാണെങ്കിലും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചാല്‍ ആത്മപരിശോധന നടത്തി തിരുത്തണം. തെറ്റ് മനുഷ്യസഹജമാണ്. തിരുത്താനുള്ള ആര്‍ജവമാണു പ്രധാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇളംപ്രായക്കാരായ വിദ്യാര്‍ഥികളും മുതിര്‍ന്നവരായ അധ്യാപകരുമുണ്ട്. എന്തിനോടും മുട്ടിനോക്കാന്‍ ചോരത്തിളപ്പുള്ളവരാണു വിദ്യാര്‍ഥികള്‍. അധ്യാപകരാകട്ടെ മുതിര്‍ന്നവര്‍ എന്ന നിലയില്‍ സംയമനം പാലിച്ച് വിദ്യാര്‍ഥികള്‍ തെറ്റിലേക്കു പോകാതിരിക്കാന്‍ വഴി കാട്ടേണ്ടവരുമാണ്. ഇളം തലമുറയില്‍ തെറ്റു കാണുമ്പോള്‍ തിരുത്താനുള്ള ബാധ്യതയും ചുമതലയും അവര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലാലയ കാംപസുകളില്‍ രാഷ്ട്രീയം അനിവാര്യമാണ്. അതില്ലാതായാല്‍ അരാഷ്ട്രീയവും ജാതിമത വര്‍ഗീയ ശക്തികളും ക്രിമിനല്‍ സംഘങ്ങളും പിടിമുറുക്കും. എന്നാല്‍, രാജ്യത്തെ പ്രശസ്ത കലാലയങ്ങളായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ഹൈദരാബാദ് സര്‍വകലാശാല തുടങ്ങിയവ ഇപ്പോള്‍ അറിയപ്പെടുന്നത് മറ്റ് പ്രശ്‌നങ്ങളുടെ പേരിലാണ്. ഇവിടങ്ങളില്‍ മതേതര, ജനാധിപത്യമൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു. ഇതിനെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ജസ്റ്റിസ് പി.എസ് ഗോപിനാഥ് അധ്യക്ഷനായി. മഹാരാജകീയം സുവനീറിന്റെ പ്രകാശനം മുഖ്യമന്ത്രിക്ക് നല്‍കി മമ്മൂട്ടി നിര്‍വഹിച്ചു. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് കെ സുകുമാരന്‍, വയലാര്‍ രവി എം.പി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, പി.ടി തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, പ്രൊഫ. എം.കെ സാനു, പി രാജീവ്, വൈക്കം വിശ്വന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി ഷിബുലാല്‍, ഡോ. വി.പി ഗംഗാധരന്‍, കെ.ആര്‍ വിശ്വംഭരന്‍, പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍.എല്‍ ബീന, എസ്.എ. മന്‍സൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."