ദേശീയപാത പതിനേഴ് വികസനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ യോഗം
വാടാനപ്പള്ളി: ദേശീയപാത പതിനേഴ് വികസനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും, നിലവില്‍ ജനഹിതം നോക്കിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതെന്നും തളിക്കുളത്ത് ചേര്‍ന്ന ദേശീയപാത പതിനേഴ് ആക്ഷന്‍ കൗണ്‍സില്‍ യോഗം കുറ്റപ്പെടുത്തി.
ബി.ഒ.ടിക്ക് വേണ്ടി ടോള്‍ ഏര്‍പ്പെടുത്തുകയാണ് നാല്‍പത്തി അഞ്ചു മീറ്റര്‍ വീതി എന്നതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. എന്നാല്‍ 2010 ഏപ്രില്‍ 10ന് അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന ഒന്നാം സര്‍വകക്ഷി യോഗത്തിലാണ് 45 മീറ്ററിനു പകരം 30 മീറ്ററില്‍ ദേശീയപാത വികസിപ്പിക്കാമെന്ന തീരുമാനം ഉണ്ടായത്.
എല്‍.ഡി.എഫും യു.ഡി.എഫും ഉള്‍പ്പെടെയുള്ള 23 രാഷ്ട്രീയ പാര്‍ട്ടികളും ബി.ഒ.ടി വിരുദ്ധ സമരത്തില്‍ സജീവമായ പ്രസ്ഥാനങ്ങളും ഉള്‍പ്പെട്ടതായിരുന്നു യോഗം. 30 മീറ്റര്‍ എന്ന ഒന്നാം സര്‍വകക്ഷി യോഗ തീരുമാനത്തിന് അന്നത്തെ എല്‍.ഡി.എഫ് മന്ത്രിസഭ പൂര്‍ണ അംഗീകാരം നല്‍കിയിരുന്നു.
എന്നാല്‍ ബി.ഒ.ടി ലോബികള്‍ക്ക് വേണ്ടി ഒന്നാം സര്‍വകക്ഷിയോഗ തീരുമാനം അട്ടിമറിക്കുകയാണ് ഉണ്ടായതെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. 2013 മാര്‍ച്ചില്‍ നടത്തിയ വിജ്ഞാപനത്തിലൂടെ ദേശീയപാത അധികൃതര്‍ ബന്ധപ്പെട്ട പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങിയതായി വ്യക്തമാക്കിയിരുന്നു. ജൂലൈ രണ്ടാം വാരത്തില്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ തുടര്‍ സമര പരിപാടികള്‍ പ്രഖ്യാപിക്കാന്‍ യോഗം തീരുമാനിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഇ.വി മുഹമ്മദാലി യോഗം ഉദ്ഘാടനം ചെയ്തു.ദേശീയപാത നാല്‍പത്തി ഏഴ്, പതിനേഴ് സംയുക്ത സമരസമിതി കണ്‍വീനര്‍ ഹാഷിം ചേന്ദാമ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ.ജി ധര്‍മ്മരത്‌നം അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."