വച്ചത് പിണറായിക്ക്, കൊണ്ടത് മോദിക്ക്; കുരുക്കിലായി സെന്‍കുമാര്‍
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരേ രംഗത്തെത്തിയ മുന്‍ ഡി.ജി.പിയും സംഘപരിവാര്‍ സഹയാത്രികനുമായ ടി.പി.സെന്‍കുമാര്‍ കുരുക്കിലായി.
പിണറായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതിനാലാണ് ചാരക്കേസ് പ്രതിയായ നമ്പി നാരായണന് പത്മഭൂഷണ്‍ ലഭിച്ചതെന്ന് ആരോപിച്ച് കടുത്ത വിമര്‍ശനമാണ് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. എന്നാല്‍, ബി.ജെ.പി രാജ്യസഭാ എം.പിയും എന്‍.ഡി.എ കേരള വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറിന്റെ ശുപാര്‍ശയിലാണ് നമ്പിനാരായണന് പത്മശ്രീ ലഭിച്ചതെന്ന വിവരം പുറത്തുവന്നു. ഇതറിയാതെയുള്ള സെന്‍കുമാറിന്റെ വിമര്‍ശനം ഫലത്തിലേറ്റത് കേന്ദ്രത്തിനാണ്. ഇടത് സര്‍ക്കാരിന്റെയും പിണറായിയുടേയും ശക്തനായ വിമര്‍ശകനാണെന്ന് അറിയിക്കാനുള്ള ശ്രമത്തിനിടെയാണ് സെന്‍കുമാര്‍ കുരുക്കിലായത്. പത്മശ്രീ നല്‍കാന്‍ നമ്പി നാരായണന്‍ ശാസ്ത്ര രംഗത്ത് എന്ത് സംഭാവനയാണ് നല്‍കിയതെന്നും ഇങ്ങനെയെങ്കില്‍ ഗോവിന്ദച്ചാമിക്കും മറിയം റഷീദക്കും വരും വര്‍ഷം പത്മശ്രീ ലഭിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നുമാണ് സെന്‍കുമാര്‍ പറഞ്ഞത്. അമൃതില്‍ വിഷം ചേര്‍ത്തതുപോലെയാണ് പുരസ്‌കാരമെന്നും സെന്‍കുമാര്‍ പരിഹസിച്ചിരുന്നു. ഐ.എസ്.ആര്‍.ഒയില്‍ നടന്ന കാര്യങ്ങള്‍ പരിശോധിക്കാന്‍ സമിതിയുടെ പ്രവര്‍ത്തനം നടക്കുന്നതിനിടെ പുരസ്‌കാരം നല്‍കിയത് തെറ്റാണെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രൂക്ഷ വിമര്‍ശനം കേന്ദ്രത്തിനേറ്റതോടെ, മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉള്‍പ്പെടെ സെന്‍കുമാറിനെ വിമര്‍ശിച്ചു. ആറ്റിങ്ങലില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകാന്‍ തയാറെടുക്കുന്ന സെന്‍കുമാറിന് ഇതോടെ ബി.ജെ.പിക്കുള്ളില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരിക്കുകയാണ്. കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച സെന്‍കുമാര്‍ ബി.ജെ.പിക്കാരനല്ലെന്ന പ്രസ്താവന കണ്ണന്താനത്തിന് പുറപ്പെടുവിക്കേണ്ടിവന്നത് ഈ പശ്ചാത്തലത്തിലാണ്.
വെട്ടിലായെന്നു മനസിലായ സെന്‍കുമാര്‍, പ്രശ്‌ന പരിഹാരത്തിന് ബി.ജെ.പി നേതാക്കളുടെ കാലുപിടിച്ചു തുടങ്ങി. പിണറായി സര്‍ക്കാരിനെതിരേയാണ് പറഞ്ഞതെന്നും നമ്പി കേന്ദ്ര നോമിനിയായിരുന്നെന്ന് അറിഞ്ഞില്ലെന്നുമാണ് വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."