എം.വി ജയരാജന്‍ ചുമതലയേറ്റു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജന്‍ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ ഓഫിസിനെ ജനകീയമാക്കുമെന്ന് ചുമതലയേറ്റ ശേഷം ജയരാജന്‍ പറഞ്ഞു. എല്ലാവരും ചേര്‍ന്ന് ഒരു കുടുംബം പോലെയായിരിക്കും ഓഫിസ് പ്രവര്‍ത്തിക്കുക. പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും പ്രത്യേക താല്‍പ്പര്യപ്രകാരമാണ് താന്‍ ഈ ചുമതല ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊലിസ് നടപടികളടക്കം മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു ചില വിവാദങ്ങളും ഭരണം നിശ്ചലമാണെന്ന ആരോപണവും ഉയര്‍ന്ന സാഹചര്യത്തിലാണ് ഓഫിസ് ഭരണം കാര്യക്ഷമമാക്കുന്ന ചുമതല ജയരാജനെ ഏല്‍പിക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. ഫയല്‍ നീക്കം വേഗത്തിലാക്കാനുള്ള ചുമതല ജയരാജനു നല്‍കിയിട്ടുണ്ട്.
തീരുമാനങ്ങളുടെ രാഷ്ട്രീയ വശങ്ങള്‍ പരിശോധിക്കുകയും വേണമെങ്കില്‍ സംസ്ഥാന നേതൃത്വവുമായി ആശയവിനിമയം നടത്തുകയും വേണം. ചില കാര്യങ്ങളില്‍ കര്‍ശന നിര്‍ദേശം തന്നെ നല്‍കണമെന്ന അഭിപ്രായമാണ് സി.പി.എമ്മിനുള്ളത്. അതും ജയരാജന്‍ നിര്‍വഹിക്കണമെന്നാണ് പാര്‍ട്ടി നിര്‍ദേശം. ഇങ്ങനെയൊരു സംവിധാനമുണ്ടായാല്‍ ഓഫിസ് പ്രവര്‍ത്തനം കാര്യക്ഷമമാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഓഫീസ് ഓണ്‍ ഡ്യൂട്ടിയില്‍ ഐ.ടി സെക്രട്ടറി കൂടിയായ എം ശിവശങ്കര്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. സെക്രട്ടറിയായി ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും പ്രവര്‍ത്തിക്കുന്നു. നിലവിലെ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ഈ മാസം 31ന് വിരമിക്കുന്നതോടെ നളിനി ചീഫ് സെക്രട്ടറിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."