HOME
DETAILS
MAL
കണ്ടെയ്‌നര്‍ ലോറികള്‍ക്ക് നിയന്ത്രണം, മാര്‍ഗരേഖ തയാറാക്കുന്നു
backup
March 03 2020 | 04:03 AM
തിരുവനന്തപുരം: റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ദീര്‍ഘദൂര സര്‍വിസ് നടത്തുന്ന കണ്ടെയ്‌നര്‍, ലോറികള്‍, ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മാര്‍ഗരേഖ തയാറാക്കുന്നു. ട്രക്ക് ഡ്രൈവര്‍മാരുടെ പ്രവര്‍ത്തിസമയം, സര്‍വിസ് നടത്തിപ്പില്‍ ആവശ്യമായ നിയന്ത്രണങ്ങളെക്കുറിച്ചും പഠനം നടത്തി മാര്‍ഗരേഖ തയാറാക്കാന്‍ തൊഴില്‍ വകുപ്പിന്റെ കീഴില്‍ ലേബര്‍ കമ്മിഷണര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, റോഡ് സുരക്ഷാ കമ്മിഷണര്‍ എന്നിവരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രന്‍ നിയമസഭയുടെ മേശപ്പുറത്തുവച്ച മറുപടിയിലൂടെ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ ജില്ലകളിലും പൊലിസ്-മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ജീവനക്കാര്‍ ഉള്‍ക്കൊള്ളുന്ന സ്‌ക്വാഡുകള്‍ ഒരു നോഡല്‍ ഓഫിസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും വാഹനപരിശോധന നടത്തും. കണ്ടെയ്‌നര്‍, ട്രക്കുകള്‍, ലോറികള്‍, ടൂറിസ്റ്റ് ബസുകള്‍ തുടങ്ങിയവയിലെ ഡ്രൈവര്‍മാര്‍ കൃത്യതയോടെയാണോ വാഹനമോടിക്കുന്നതെന്നത് ഉള്‍പ്പെടെ ഈ സ്‌ക്വാഡ് പരിശോധിക്കും. ഈ പരിശോധനകള്‍ ഡി.ജി.പിയും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറും മുഖാന്തിരം നിരീക്ഷിക്കുന്നതിന് റോഡ് സുരക്ഷാ കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്കായി റിഫ്രഷ്‌മെന്റ് അമിനിറ്റി ബെയ്‌സ് ദേശീയപാതയിലും സംസ്ഥാനപാതയിലും ഏര്‍പ്പെടുത്തുന്നതിന് വഴിയോര സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടി വേഗത്തിലാക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി.
മോട്ടോര്‍ വാഹന വകുപ്പ് സി ഡാക്കുമായി സഹകരിച്ച് സ്മാര്‍ട്ട് കാര്‍ഡ് (ഡ്രൈവിംഗ് ലൈസന്‍സ്) - ജി.പി.എസ് മുഖാന്തരം ഡ്രൈവിംഗ് സമയത്ത് ട്രക്ക് ഡ്രൈവര്‍മാരുടെ സ്വഭാവ പെരുമാറ്റങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിന് നടപടികള്‍ ആരംഭിക്കും. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ ചട്ടം 90 ഭേദഗതി ചെയ്തു ദീര്‍ഘദൂര ഡ്രൈവിംഗിന് ഒന്നിലധികം ഡ്രൈവര്‍മാരെ നിയോഗിക്കണമെന്ന വ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. യാത്ര തുടങ്ങും മുമ്പു തന്നെ കണ്ടെയ്‌നറുകള്‍ അവ വഹിക്കുന്ന ട്രക്കുകളില്‍ സുരക്ഷിതമായി ലോക്ക് ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് അധികാരികളുമായി ചര്‍ച്ച ചെയ്യുന്നതിനും പൊലിസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ നിലവിലുള്ള വാഹനപരിശോധനയില്‍ ഇക്കാര്യം കൂടി പരിശോധിക്കുന്നതിനും തീരുമാനിച്ചതായി മന്ത്രി ആറിയിച്ചു. കര്‍ശനമായ റോഡ് പരിശോധനകള്‍ തുടരും. ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവരുടെ ലൈസന്‍സ് നിയമാനുസൃതം റദ്ദു ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."