കോവളം ബൈപാസ് വഴി സഞ്ചരിക്കുന്നവര്‍ ഗതാഗതകുരുക്കില്‍ വലയുന്നു
കോവളം: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് അധികൃതര്‍ പറയുമ്പോഴും മണിക്കൂറുകളോളം കുരുക്കില്‍ ദുരിതത്തിലാവുകയാണ് കോവളം ബൈപാസ് വഴി സഞ്ചരിക്കുന്നവര്‍.
കഴക്കൂട്ടം കോവളം ബൈപാസില്‍ തിരുവല്ലം ജംഗ്ഷനിലാണ് ഗതാതകുരുക്കില്‍ പെട്ട് യാത്രക്കാര്‍ വലയുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തമിഴ്‌നാട്ടില്‍ നിന്നടക്കം എത്തുന്ന യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. സ്‌കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ഥികളും നഗരത്തിലെ വിവിധ ആഫീസുകളിലേക്ക് പോകുന്ന ജീവനക്കാരുമൊക്കെ രാവിലെയും വൈകിട്ടും വാഹനവുമായി മണിക്കൂറുകളോളം കാത്തുകിടക്കേണ്ട ഗതികേടിലാണ്. ബൈപ്പാസിന്റെ ഭാഗമായി പുതുതായി നിര്‍മിച്ച പാലം നേരത്തെ ഗതാഗതത്തിനായി തുറന്ന് കൊടുത്തിരുന്നു.ഇത് ഇപ്പോള്‍ വീണ്ടും അടച്ചിട്ടതാണ് ഗതാഗതകുരുക്കിന് പ്രധാന കാരണം.നിലവില്‍ വാഹനങ്ങള്‍ പഴയപാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്.ഒരോ സമയം കഷ്ടിച്ച് രണ്ട് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയുന്ന പഴയ റോഡില്‍ നിന്ന് മണക്കാട് ഭാഗത്തേക്കും തിരിച്ചും ഈ ഭാഗത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകളടക്കം റോഡ് മുറിച്ച് കടന്നു പോകുന്നതാണ് രൂക്ഷമായ ഗതാഗത കുരുക്കിന് ഇടയാക്കുന്നത്. ഇത് കാരണം വാഹനാപകടങ്ങളും പതിവായിട്ടുണ്ട്. കോവളം ഭാഗത്ത് നിന്നും പാച്ചല്ലൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളും തിരുവനന്തപുരത്തു നിന്നും കോവളത്തേക്കും പൂങ്കുളത്തേക്കും പോകുന്ന വാഹനങ്ങളും ഇതുവഴി കരുമം ഭാഗത്തേക്കും തിരിച്ചും ബൈപാസിലേക്കും മറ്റ് റോഡുകളിലേക്കുമുള്ള വാഹനങ്ങളും കടന്നുപോകുന്നതും ഈ റോഡിലൂടെയാണ്. വലിയ ഗതാഗത തിരക്കുള്ള മേഖലയില്‍ ഇത്രയും വാഹനങ്ങളുടെ ബാഹുല്യം ഉല്‍ക്കൊള്ളാനും സുഗമമായി കടന്നുപോകുന്നതിനുള്ള സൗകര്യം ഇപ്പോള്‍ ഇവിടെ ഇല്ല.
ബൈപാസ് റോഡ് താല്‍കാലികമായി അടച്ചപ്പോള്‍ ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് അവരവരുടെ ഭാഗങ്ങളിലേക്ക് പോകുന്നതിനും വരുന്നതിനും മതിയായ സൗകര്യം ഒരുക്കുന്നതില്‍ ഉണ്ടായ പരാജയവും ഇപ്പോഴത്തെ വാഹന കുരുക്കിന് കാരണമാണെന്നും ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നതിന് വേണ്ടത്ര പൊലിസ് സംവിധാനം ഒരുക്കിയിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.യുദ്ധകാലാടിസ്ഥാനത്തില്‍ ഈ ഭാഗത്തെ ബൈപാസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചും കുറ്റമറ്റ ഗതാഗത സംവിധാനം ഒരുക്കിയും ഇവിടെ അനുഭവപ്പെടുന്ന ഗതാഗതകുരുക്കിന് അടിയന്തിര പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ ബൈപാസ് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ഇവിടെ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്‌കാരം താല്‍കാലികമാണെന്നും ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ജംഗ്ഷനിലെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."