HOME
DETAILS
MAL
തൃത്താലയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ മര്‍ദനമേറ്റ അന്തേവാസി മരിച്ചു
backup
March 04 2020 | 01:03 AM
പാലക്കാട്: തൃത്താലയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ മര്‍ദനമേറ്റ അന്തേവാസി മരിച്ചു. തൃശൂര്‍ വലപ്പാട് ബീച്ച് സ്വദേശി പരേതനായ ചാലില്‍ ഹനീഫയുടെ മകന്‍ സിദ്ദീഖാണ് (47) മരിച്ചത്. മര്‍ദനത്തില്‍ ഗുരുതര പരുക്കേറ്റ ഇയാള്‍ വെന്റിലേറ്ററിലായിരുന്നു. സംഭവത്തെ കുറിച്ച് ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു.
മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി വലപ്പാട് സ്വദേശി തൃത്താല മുടവന്നൂരിലുളള സ്‌നേഹനിലത്തില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ട് സ്‌നേഹനിലയം അധികൃതര്‍ ബന്ധുക്കളെ വിളിച്ചു. ബന്ധുക്കള്‍ എത്തുമ്പോള്‍ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു യുവാവ്. ശരീരത്തിലാകെ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തണ്ടെല്ല് പൊട്ടുകയും ഞരമ്പുകള്‍ക്ക് ക്ഷതമേല്‍ക്കുകയും ചെയ്തിട്ടുളളതായി പരിശോധനയില്‍ തെളിഞ്ഞു. വൃക്കകള്‍ക്കും കേട്പാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. എന്നാല്‍, യുവാവിനെ മര്‍ദിച്ചിട്ടില്ലെന്ന് സ്‌നേഹനിലയം അധികൃതര്‍ അറിയിച്ചു.
ഫസല്‍ ഹുസൈന്‍ തങ്ങളുടെ കീഴിലുള്ള സ്ഥാപനമാണ് സ്‌നേഹനിലയം. സ്ഥാപന ഉടമയുടെ അനുജന്‍ കുഞ്ഞിത്തങ്ങളും മറ്റ് സ്റ്റാഫുകളും ചേര്‍ന്നാണ് മര്‍ദിച്ചതെന്നും ഇവിടെയുള്ള മറ്റ് അന്തേവാസികളേയും ക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഇരയാക്കാറുണ്ടെന്നും പലപ്പോഴും ഇത് നേരില്‍ കണ്ടിട്ടുണ്ടെന്നും സിദ്ദീഖ് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."