കരിപ്പൂരിനോട് അവഗണന; സര്‍ക്കാരിനെതിരേ ജില്ലാപഞ്ചായത്ത്
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ജില്ലാപഞ്ചായത്ത് പ്രമേയം. പൊതുമേഖലയിലുള്ള കരിപ്പൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതിയില്‍ ഇളവ് അനുവദിക്കാതെ കണ്ണൂരില്‍ ആരംഭിച്ച സ്വകാര്യ മേഖലയിലുള്ള വിമാനത്താവളത്തിന് നികുതിയിളവ് നല്‍കിയതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നതിനു പിന്നാലെയാണ് പ്രമേയം.
സര്‍ക്കാര്‍ കാണിക്കുന്ന അനീതി അവസാനിപ്പിച്ചില്ലെങ്കില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജനകീയ സമരം സംഘടിപ്പിക്കും. ഏതെങ്കിലും തരത്തിലുള്ള നികുതിയിളവുകള്‍ നല്‍കുമ്പോള്‍ അതു സര്‍ക്കാര്‍ ഖജനാവിലേക്കു വരുമാനമുണ്ടാക്കുന്ന പൊതുമേഖലയിലുള്ള സംരംഭങ്ങള്‍ക്കാണ് നല്‍കേണ്ടത്. ഇടതുപക്ഷത്തിന്റെ താല്‍പര്യക്കാരായ കോര്‍പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കുന്നതിനാണ് കരിപ്പൂരിനെ അവഗണിച്ച് കണ്ണൂര്‍ വിമാനത്താവളത്തിന് നികുതിയിളവ് നല്‍കുന്നതെന്നും ഇത് അനുവദിക്കാനാകില്ലെന്നും പ്രമേയം വ്യക്തമാക്കി.
മുസ്‌ലിം ലീഗും യു.ഡി.എഫും നടത്തിയ വിട്ടുവീഴ്ചയില്ലാത്ത സമരത്തെ തുടര്‍ന്നാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വിസ് പിനരാരംഭിച്ചത്. ഇതിനിടയിലാണ് നികുതിയിളവും വിവാദമാകുന്നത്. കരിപ്പൂരില്‍ ആരംഭിച്ച സര്‍വിസുകള്‍ കണ്ണൂരിലേക്കു കൊണ്ടുപോകുന്നതിനുള്ള നീക്കമാണിതെന്ന് ആരോപിച്ച യോഗം, കണ്ണൂരിന് നല്‍കിയ ഇന്ധന നികുതിയിളവ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിനും നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഫണ്ട് വകയിരുത്തിയിട്ടും ജലസ്രോതസുകളില്‍ ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ പ്രവൃത്തികള്‍ ആരംഭിക്കാനായിട്ടില്ല. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താനും മാര്‍ച്ചിനു ശേഷവും പ്രവൃത്തികള്‍ നടത്തുന്നതിന് അനുമതി തേടാനും യോഗം തീരുമാനിച്ചു. പട്ടികജാതി ശ്മശാനങ്ങള്‍ക്കു ചുറ്റുമതില്‍ നിര്‍മിക്കാനും അനുമതി തേടും.
ജില്ലാപഞ്ചായത്ത് വിളിക്കുന്ന യോഗങ്ങളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പങ്കെടുക്കാത്തതില്‍ യോഗം അതൃപ്തി രേഖപ്പെടുത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."