'സോഷ്യല്‍മീഡിയ അവര്‍ക്കു കൈമാറൂ; അവര്‍ ജീവിതം പറയട്ടെ...'
ലക്‌നൗ: വനിതാ ദിനത്തില്‍ തന്റെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ വനിതകള്‍ക്കു കൈമാറുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെളിപ്പെടുത്തലിനു പിന്നാലെ, അദ്ദേഹത്തെ വെട്ടിലാക്കി കോണ്‍ഗ്രസ്. മാര്‍ച്ച് എട്ടിനു താങ്കളുടെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ ഉന്നാവോയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നല്‍കൂ, അവര്‍ ജീവിതം പറയട്ടേയെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ബി.ജെ.പിയുടെ മുന്‍ എം.എല്‍.എ അടക്കം പ്രതിയായ കേസാണ് ഉന്നാവോ.
കോണ്‍ഗ്രസ് വനിതാ നേതാവ് സുഷ്മിതാ ദേവാണ് ഇക്കാര്യം ഉന്നയിച്ചത്. തന്റെ നിര്‍ദേശമായായിരുന്നു അവര്‍ ഇക്കാര്യം ഉന്നയിച്ചത്. തന്റെ സോഷ്യല്‍മീഡയയില്‍ അന്നു വരേണ്ട സ്ത്രീകളെ നിങ്ങള്‍ക്കു സജസ്റ്റ് ചെയ്യാമെന്നു നേരത്തെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഉന്നാവോയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുകയും കേസായതോടെ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. ഇവരുടെ ബന്ധുക്കളടക്കം സഞ്ചരിച്ച വാഹനത്തിലേക്കു ട്രക്ക് ഇടിച്ചുകയറ്റുകയും അതില്‍ ചിലരെ വധിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിനെയും കൊന്നിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് മോദി അടുത്ത ഞായറാഴ്ച താന്‍ സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുകയാണെന്ന് ട്വീറ്റ് ചെയ്തത്. ഇത് ഏറെ പരിഹാസത്തിനും വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിനു തന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സ്ത്രീകള്‍ക്കു നല്‍കുമെന്ന പുതിയ പ്രഖ്യാപനം വന്നത്. ജീവിതംകൊണ്ടും പ്രവൃത്തികൊണ്ടും നമ്മെ പ്രചോദിപ്പിച്ച വനിതകള്‍ക്കു വേണ്ടി ഈ വനിതാ ദിനത്തില്‍ ഞാനെന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നല്‍കും. ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ ഇതവര്‍ക്കതു പ്രചോദനമാകും. നിങ്ങള്‍ അത്തരം ഒരു സ്ത്രീയാണോ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് അത്തരം പ്രചോദനം നല്‍കുന്ന സ്ത്രീകളെ അറിയുമോ?, എങ്കില്‍ അറിയിക്കണമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."